91. ഞങ്ങളെ പോലെ മറ്റു ചില വിദേശികള്‍

 അഡനയില്‍ ഞങ്ങള്‍ ഒരു യുക്രേനിയന്‍ ഡോക്റ്ററെയും കുടുംബത്തെയും പരിചയപ്പെട്ടു. ഡോക്റ്ററും ഭാര്യയും രണ്ടു കുട്ടികളുമായി അവര്‍ അവിടെ താമസിക്കുന്നു. മകള്‍ തലസ്ഥാനമായ അങ്കാറയില്‍ ആണു പഠിക്കുന്നതു. ആ കുട്ടി നിറയെ കുപ്പിവളകള്‍ ഇട്ടിരിക്കുന്നു. കണ്മഷിയും ഉപയോഗിക്കാറുണ്ടു. അവളുടെ കൂട്ടുകാരി പാകിസ്താന്‍ കാരിയാണ്. ഇന്ത്യയെപ്പറ്റി ആ കുട്ടി വളരെ കാര്യങ്ങള്‍  മനസ്സിലാക്കി വച്ചിരിക്കുന്നു. നൃത്തത്തില്‍ വളരെ താല്പര്യവും അറിവും ഉള്ള ആ കുട്ടിക്കു ഭരതനാട്യത്തിലെ മുദ്രകള്‍ ചിലതു അറിയാം. അതു ഞങ്ങളെ കാണിച്ചു. ശരിയാണൊ എന്നു ചോദിചു. അവരുടെയൊക്കെ വിചാരം നമ്മള്‍ക്കെല്ലാം ഭരതനാട്യവും കുച്ചിപ്പുടിയും അറിയാമെന്നാണു. തല്ക്കാലം പൂച്ചു പുറത്താകാതെ രക്ഷപെട്ടു. ഡോക്റ്ററ് മലേറിയായുടെ സ്പെഷ്യലിസ്റ്റ് ആണു. നമ്മൂടെ ഉപഭൂഖണ്ടത്തില്‍ മലേറിയാ വളരെ ഉണ്ടെന്നും ലോക ആരോഗ്യ സംഘടനയുടെ ഒരു ജോലിക്കു അദ്ദേഹം അപേക്ഷിക്കുകയാണെന്നും പറഞ്ഞു. അപേക്ഷാഫോറം പൂരിപ്പിച്ചതില്‍ തെറ്റുണ്ടൊ എന്നെല്ലാം അദ്ദേഹം വീണ്ടും വീണ്ടും ശ്രീമാനൊട് ചോദിച്ചു. പൊതുവെ തുര്‍ക്കിയിലും പൂര്‍വ യൂറൊപിയന്‍ രാജ്യങ്ങളിലും  ഇന്ഗ്ലീഷ് അല്പം മോശമായതുകൊണ്ടു ശ്രീമാന്‍ കഴിവതും അദ്ദേഹത്തെ  പ്രോത്സാഹിപ്പിച്ചു. മകള്‍ക്കും ഭാര്യയ്കും വളരെ താല്പര്യമായിരുന്നു ഇതു. മകന്‍ എഞ്ചിനീയറിങ്ങിനു തയ്യറെടുപ്പു നടത്തുകയായിരുന്നു. അയാള്‍ക്ക് മാത്രം വലിയ താല്പര്യം കണ്ടില്ല.

മറ്റൊരു യുക്രേനിയന്‍ പ്രൊഫസര്‍ ശ്രീമാന്റെ കൂടെ അതെ യൂനിവേര്സിറ്റിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. യു എസ് എസ് ആറ് വിഘടിച്ചതിനുശേഷം യുക്രൈന്‍, ലിതുവേനിയ അസറ്ബൈജാന്‍ എന്നീ രാജ്യങ്ങളിലേ ജനങ്ങള്‍ വളരെ സാമ്പത്തിക ബുദ്ധിമുട്ടിലായി. ജോലിക്കു വേണ്ടി പല രാജ്യങ്ങളിലും അലയേണ്ടിവന്നു, കുവൈറ്റ് യുദ്ധം കഴിഞ്ഞു ഇറാഖികളെപ്പോലെ. ഈ പ്രൊഫസര്‍ക്കും രണ്ടു കുട്ടികളായിരുന്നു. ഒരാള്‍ മൊസ്കോയില്‍ . കമ്പൂട്ടറ് സയന്‍സ് പഠിക്കുന്നു . പക്ഷെ അയാള്‍ ഒരു ഇന്ത്യന്‍ ഗുരുവിന്റെ കൂടെ യോഗയും മറ്റും പരിശീലിക്കുന്നു എന്നു അദ്ദേഹം പറഞ്ഞു. പഠിത്തത്തില്‍ താല്പര്യം കുറഞ്ഞു വരുന്നതായി അദ്ദേഹം പരാതി പറഞ്ഞു. അവധിക്കു അദനയില്‍ വന്നപ്പോള്‍ മകനെ  ശ്രീമാന്റെ അടുത്തു സംഭാഷണത്തിനു വിട്ടു. അയാള്‍ക്ക് ഇന്ത്യയിലെ ഗുരുക്കന്മാരെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് അന്ത്യം ഇല്ലായിരുന്നു. എന്റെ ഗുരു ആരാണെന്നു അയാള്‍ക്കറിയണം. അവരുടെ വിചാരം എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു ഗുരു ഉണ്ടാകും എന്നും ഗുരു ഇല്ലാതെ ഒന്നും പഠിക്കാന്‍ പറ്റുകയില്ലെന്നും ആണു. ഒരര്‍ത്ഥത്തില്‍ അതു ശരിയാണെങ്കിലും ആ കുട്ടി ഉദ്ദേശിച്ചതു സന്യാസത്തിനുള്ള ഗുരുവാണെന്നു ശ്രീമാനു വഴിയെ മനസ്സിലായി. ഞങ്ങള്‍ തിരിച്ചു പോരുന്നതിനു മുമ്പ് മകന്‍ ഹിമാലയത്തില്‍ സന്യാസത്തിനു പോയി എന്ന വിവരം അദ്ദേഹം വേദനയോടെ എന്നെ അറിയിച്ചു. ഭാഗ്യത്തിനു അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ടാമത്തെ മകനു അച്ഛന്റെ ആഗ്രഹത്തിനൊത്തുയരാന്‍ കഴിഞ്ഞു എന്ന് അദ്ദേഹം അറിയിച്ചു. ഗവേഷണതില്‍ മിടുക്കനായ അദ്ദേഹം ഇപ്പോള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നു. മകന്‍ അമേരിക്കന്‍ യുണിവേര്സിറ്റിയില്‍ പഠിക്കുന്നു. ഒരു കുഴിയുണ്ടെങ്കില്‍ കുന്നും ഉണ്ടാകുമെന്നു തീറ്ചയാണല്ലൊ. അങ്ങനെ ആ മാതാപിതാക്കള്‍ സന്തോഷിക്കുണ്ടാവും .


സ്നേഹത്തിന്റെ     ഭാഷ

ഞാനും മദാമ്മയുമായി അഡനയില്‍  ചുറ്റിതിരിയുമ്പൊള്‍  ഉണ്ടായ പല സംഭവങ്ങളും ഓര്‍ക്കുമ്പോള്‍ സന്തോഷം ഉണ്ടാക്കുന്നു. ഒരിക്കല്‍ പെട്ടെന്നു ഒരു കുട്ടി എന്റെയടുത്ത് വന്നു എന്റെ കയ്യില്‍ ഒരു ചെറിയ കായ വച്ചുതന്നു. നമ്മുടെ കാട്ടൂനെല്ലിക്ക പൊലെ. എനിക്കും മദാമ്മക്കും അതു എന്താണെന്നു മനസ്സിലായില്ല.. ഏതെങ്കിലും വിഷക്കായയാണൊ എന്നു സംശയിചു. മദാമ്മ പറഞ്ഞു. മാലാ‍, അതു കളഞ്ഞേക്കൂ, ചിലപ്പോള്‍ അതു വല്ല അലര്‍ജിയും ഉണ്ടാക്കും. ഞാന്‍ അതു വലിച്ചെറിഞ്ഞു കളഞ്ഞു. കുറചു മുമ്പോട്ട്‌ നടന്നപ്പോള്‍ കുറെ കുട്ടികള്‍ ഒരു മരത്തിന്റെ ചുവട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നു. അവര്‍ ആ മരത്തിന്റെ കായ പെറുക്കി തിന്നുകയാണു. അതിലൊന്നായിരുന്നു ആ കുട്ടി വീട്ടിലെക്കു പോകും വഴി എനിക്കു തന്നതു. അതെറിഞ്ഞു കളഞ്ഞതില്‍ എനിക്ക് വലിയ വിഷമം തോന്നി. സ്നേഹത്തോടെ ആ ബാലന്‍ എനിക്കു തന്ന ഉപഹാരം ഞാന്‍ എറിഞ്ഞുകളഞ്ഞല്ലോ എന്നോര്‍ത്തു . ഒരാഴ്ച്ച കഴിഞ്ഞിട്ടും ആ ബാലന്റെ മുഖം എന്റെ കണ്ണില്‍ നിന്നും മാഞ്ഞില്ല..

 

 


തുര്‍ക്കിയിലെ    ഭക്ഷണ  രീതികള്‍

തുര്‍ക്കിയിലെ ജനങ്ങളുടെ പ്രധാന ഭക്ഷണം കുബ്ബൂസ് എന്ന് വിളിക്കുന്ന റൊട്ടിയാണ്. അല്പം പാകം തെറ്റിയാല്‍ വായില്‍ കുത്തിക്കൊള്ളുന്ന തരം. മുറിച്ചോ പിച്ചി ചീന്തിയോയോ ആണ് കഴിക്കുക. നമുക്കു ചപ്പാത്തി കഴിക്കാന്‍ കറി വേണം, പക്ഷെ ഉത്തര ഇന്ത്യയില്‍ ഒരു പച്ചമുളകും തക്കാളിയും പച്ചയായി കിട്ടിയാല്‍ ചപ്പാത്തിക്കു കറി ആയി. തുര്‍ക്കിയില്‍  ധാരാളം പച്ചക്കറികള്‍ വേവിക്കാതെ സാലഡ് ആയി കഴിക്കുന്നു. ഒറ്റ നോട്ടത്തില്‍ പുല്ലും ചപ്പും ആണെന്ന് തോന്നാം. പക്ഷെ അത് വളരെ ഔഷധഗുണം ഉള്ളതാണെന്ന് അവര്‍ പറയുന്നു. കേരളീയര്‍ എല്ലാ ഭക്ഷണ സാധനങ്ങളും വേവിച്ചോ വറുത്തോ മാത്രമേ കഴിക്കുകയുള്ളല്ലോ. തുര്‍ക്കിയില്‍ ഡിന്നറിനു ആദ്യം കൊണ്ടുവയ്കുന്ന സാലഡ് ഒരു വലിയ പ്ലേറ്റ് നിറയെ ഉണ്ടാവും. കുറച്ചു ഒലിവെണ്ണയും ഒഴിച്ചിരിക്കും. അത് മുഴുവന്‍ കഴിച്ചാല്‍ മറ്റു ഭക്ഷണം കഴിക്കേണ്ടി വരില്ല.അത്രക്കുണ്ടാവും. പച്ചക്കറികള്‍  വേവിക്കാതെ ഭക്ഷിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. പക്ഷെ നമ്മുടെ നാട്ടില്‍ കിട്ടുന്ന പച്ചക്കറികളില്‍ വളത്തിന്റെയും കീടനാശിനികളുടെയും അളവ് വളരെ കൂടുതല്‍ ആണെന്നറിയാമല്ലോ. അതുകൊണ്ടു പലപ്പോഴും ആഗ്രഹം ഉണ്ടെങ്കിലും കഴിക്കാന് മടി ആണു. പഴങ്ങള്‍ പോലും ഉപ്പു വെള്ളത്തില്‍ രണ്ടു മണിക്കൂര്‍ മുക്കി വച്ചതിനു ശേഷമേ ഉപയോഗിക്കാറുള്ളൂ. പക്ഷെ അവിടെയും കീടനാശിനി ഉപയോഗിക്കുന്നുണ്ടു എന്ന വിവരം ഞങ്ങളു വൈകിയാണു അറിഞ്ഞതു. എങ്കിലും നമ്മുടെ തമിഴ് നാട്ടില്‍ നിന്ന് വരുന്ന പച്ചക്കറിയുടെയത്ര മാരകമല്ല എന്ന് മാത്രം.

പച്ചക്കറിപോലെ തന്നെ മാംസവും നമ്മുടെ പോലെ അവര് വേവിക്കുന്നില്ല. കബാബ് എന്നു വിളിക്കുന്ന മാംസ ഭക്ഷണം എന്റെ അനുഭവത്തില്‍ പൂര്‍ണമായും വേവിച്ചതാണോ എന്നു സംശയം ഉണ്ട്.. സ്റ്റീലിന്റെ നീണ്ട കമ്പിയില് കുത്തി, തുറന്ന തീയില് ചുട്ടെടുത്താണിത്.. തണുപ്പുകാലത്തു വെയിലുകൊള്ളാനും സൊറ പറയാനും തുറസ്സായ മൈതാനത്തു തീയും കൂട്ടി സകുടുംബം ദിവസം മുഴുവനും ചിലവാക്കുന്നവരുണ്ടു. ഇതിനു വേണ്ടി മൊബൈല്‍ അടുപ്പും ലഭ്യമാണു. അടുപ്പും കരിയും ഭക്ഷണ സാധനങ്ങളും കുട്ടികളും കുടുംബവുമായി മൈതാനത്തു എത്തുന്നു, രാവിലെ മുതല്‍  വൈകുന്നേരം വരെ ആണുങ്ങള് ചീട്ടുകളിച്ചും പെണ്ണുങ്ങള്‍ ഭക്ഷണം ഉണ്ടാക്കിയും വര്‍ത്തമാനം പറഞ്ഞും സമയം ചിലവാക്കും. ബാറ്ബെക്യൂ പാര്‍ട്ടികളും ഉണ്ടാവും. ഇതിലും പ്രധാന ഭോജ്യം കബാബ് ആണു
.
മിക്കവാറും എല്ലാ ഭക്ഷണസാധങ്ങളും നല്ല രീതിയില് ലഭ്യമാണു. പാലും പച്ചക്കറികളും എല്ലാം. മുന്തിരി വള്ളികളും ഓറഞ്ചു ചെടികളും എല്ലാ വീട്ടിലും കാണാം. മുറ്റത്തു ഒരു പന്തല്‍ ഉണ്ടാക്കിയതുപോലെ മുന്തിരിവള്ളി പടര്‍ന്നു കിടക്കും. പച്ചക്കറികളും മറ്റും വാങ്ങാന്‍ ആഴ്ച ചന്തകളുണ്ടു.. ഒന്നര കിലൊമീറ്ററ് നീളം റോഡിന്റെ ഇരു വശവും സാധനങ്ങള്‍ നിരത്തിവച്ചിരിക്കും. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഇവിടെ കിട്ടും. ചന്ത കഴിഞ്ഞു റോഡു കഴുകി വൃത്തിയാക്കിയതിനു ശേഷമേ ആള്‍ക്കാര്‍  പോകുകയുള്ളൂ.ചന്ത നടന്ന സ്ഥലമാണെന്നു റോഡു കണ്ടാല്‍ തോന്നുകയില്ല. ഞങ്ങള്‍ പ്രധാനമായും പഴങ്ങളാണ് ആണു ഇവിടെ നിന്നും വാങ്ങിയിരുന്നതു. നമ്മുടെ നാട്ടില് കിട്ടുന്ന എല്ലാ പഴങ്ങളും കിട്ടും. നമുക്കു പേരു പൊലും അറിയാത്ത മറ്റു ചിലതും. മുന്തിരി തന്നെ മൂന്നു നാലു തരം. ഏകദേശം ഒരു ഡോളറിനു ആറു കിലൊ വരെ കിട്ടും. ആഴ്ചയില്‍ പത്തുകിലൊ എങ്കിലും പഴങ്ങള് ഞങ്ങള്‍ വാങ്ങി കഴിക്കുമായിരുന്നു. അടുത്ത ശനിയാഴ്ച ആകുമ്പോഴേക്ക് ഇതു തീര്‍ക്കാന്‍ പാടുപെട്ടിരുന്നു. ഒന്നു രണ്ടു പ്രാവശ്യം ആയപ്പോള്‍ കച്ചവടക്കാര്‍ക്ക് ഞങ്ങളെ പരിചയം ആയി. സൌഹൃദപൂര്വമായ സ്വീകരണം. ഒരു സാധനം മാത്രം, നല്ല തരം അരി മാത്രം കിട്ടാനില്ല. ഉള്ളതു തന്നെ പശയുള്ള അരി. തുര്‍ക്കിയിലെ ആള്‍ക്കാര്‍ വളരെ കുറച്ചു ചോറു മാത്രമേ കഴിക്കാറുള്ളൂ. ഒരു ചെറിയ കപ്പു. അതും വെള്ളം വറ്റിചു വേവിച്ച ചോറു.ഇക്കാര്യത്തിലു മാത്രം ഞങ്ങള്‍ വിഷമിചു. ബസുമതി അരി അവിടെ കിട്ടാനില്ലായിരുന്നു.

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും