93.മലയാളി മങ്ക തുര്‍ക്കിക്കാരന്റെ വീട്ടമ്മ

 അങ്കാറയില്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും അറിഞ്ഞു കേട്ട സുഹറായെ അഡനയില്‍ തിരിച്ചു വന്ന ഉടനെ വിളിച്ചു. ആദ്യം ഞങ്ങളുടെ മുറി തുര്‍ക്കിഷ് ഭാഷയില്‍ തുടങ്ങി എങ്കിലും മലയാളം കേട്ടപ്പോള്‍ സന്തോഷമായി സംഭാഷണം തുടങ്ങി. പന്ത്രണ്ടു വര്‍ഷമായി തുര്‍ക്കിയില്‍ ഭര്‍ത്താവിനോടും കുഞ്ഞുങ്ങളോടും കൂടി കഴിയുന്ന ഒരു വീട്ടമ്മ. ചാലക്കുടിക്കടുത്തു ജനിച്ച ഒരു തനി നാട്ടിന്പുറത്തുകാരി എങ്ങനെ തുര്‍ക്കിയിലെത്തി എന്നതു രസകരമാണു.

 സുഹറായുടെ അകന്ന ബന്ധത്തിലുള്ള ചില നാട്ടുകാര്‍  സൌദിയില്‍ ജോലി ചെയ്തിരുന്നു. അവരുടെ സുഹൃത്തായി മാറിയ റഹീം ഇന്ത്യക്കാരുടെ രീതികള്‍ കണ്ടു ഭ്രമിചു, ഒരു ഇന്ത്യക്കാരിയെ, പ്രത്യേകിച്ചും മലയാളി പെണ്കുട്ടിയെ തന്നെ, കല്യാണം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിചു. ഇതിനു വേണ്ടി സുഹൃത്തുക്കളുടെ കൂടെ നാട്ടില്‍ വന്നു. അവര്‍ സുഹറായുടെ വീടുകാരുമായി പരിചയപ്പെടുത്തി. സാമ്പത്തികമായി അല്പം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന കുടുംബമായിരുന്നു സുഹറായുടേത്.അച്ഛന്‍   നേരത്തെ  മരിച്ചു പോയിരുന്നു. സഹോദരങ്ങള്‍ ചെറിയ വരുമാനം കൊണ്ടു രണ്ടറ്റവും മുട്ടിക്കാന്‍ വിഷമിക്കുന്നവരും.  ആ കുടുംബത്തിനു ഒരു സഹായം ആകട്ടേ എന്നു അവര്‍ വിചാരിച്ചുകാണും. പക്ഷെ സുഹറായുടെ ഉമ്മയ്കു തന്റെ ഒരേ ഒരു മകളെ ഇത്രയും ദൂരെ അയക്കുന്നതിനു തീരെ താല്പര്യം ഇല്ലായിരുന്നു. സുഹറായെ കണ്ടു മോഹിച്ചെങ്കിലും നിരാശനായി റഹിം തിരിച്ചുപോയി. ആശ തീരെ കൈവെടിഞ്ഞില്ല എന്നു മാത്രം. ഒരു വര്‍ഷം കഴിഞ്ഞു സുഹൃത്തുകളുടെ കൂടെ റഹിം വീണ്ടും ചാലക്കുടിയില്‍ എത്തി. യാതൊരു പരിചയവുമില്ലാത്ത ഒരു വിദേശി വീണ്ടും വിവാഹാഭ്യര്തഥന നടത്തിയപ്പോള്‍ വീട്ടുകാര്‍ ഇത്തവണ സമ്മതിച്ചു. വീട്ടിലെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു സ്വന്തം മകനെക്കാള്‍ സ്നേഹമുള്ള ഒരു മരുമകനെ ആ സ്നേഹമയിയായ  ഉമ്മയ്കു കിട്ടി. വിവാഹത്തിനുള്ള എല്ലാ ചിലവും സ്വയം വഹിച്ചു റഹിം സുഹറായെ വിവാഹം കഴിച്ചു. പക്ഷെ ഇത്രയൊക്കെ ആയിട്ടും റഹിമിനു മലയാളം ഇപ്പൊഴും തീരെ അറിഞ്ഞുകൂട. സുഹറാ പറയും ഒരു കണക്കിനു അതു നല്ലതാണു. ഇയാളെ ചിലപ്പോല്‍ രണ്ടു ചീത്ത പറയാമല്ലോ എന്നു. ആ ഉമ്മ മരിക്കുന്നതുവരെ റമദാനു എല്ലാ വര്‍ഷവും  റഹീമും സുഹറായും കുട്ടികളുമായി വന്നുകൊണ്ടിരുന്നു, ഉമ്മയുടെയും സഹോദരങ്ങളുമായി കഴിയാന്‍. പണ്ടൊക്കെ മാസത്തിലൊരിക്കല്‍ എങ്കിലും ഫോണ്‍ വിളിച്ചിരുന്നു. ഇന്നും വനിതയും മാതൃഭൂമി വാരികയും പതിവായി പോസ്റ്റില്‍ വരുത്തുന്നുണ്ടു. അതു മാത്രമാണു ഇന്നു കേരളവുമായുള്ള ബന്ധം. ഞങ്ങളെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ, ഞങ്ങള്‍ക്കും. അഡനയില്‍ ആറുമാസമായിട്ടും മലയാളം വീട്ടുകാരനോടല്ലാതെ സംസാരിക്കാന്‍ ഒരാളെ കിട്ടിയതില്‍ എനിക്കും. ഷോപ്പിങ്ങിനു സുഹറാ വലിയ സഹായമായിരുന്നു. സാ‍ധനങ്ങള്‍ക്ക്  നമ്മൂടെ രീതിയില്‍ വില പേശാനും മറ്റും അവള്‍ പഠിപ്പിച്ചു തന്നു.

 സുഹറായ്കും റഹീമിനും മിടുക്കികളായ രണ്ടു പെണ്കുട്ടികളാണുള്ളത്. തനി തുര്‍ക്കിഷ്   സുന്ദരികള്‍. ഇളയവള്‍ക്ക് സുഹറയുടെ ഇന്ത്യന്‍ നിറം കിട്ടിയെന്നു മാത്രം. മൂത്തവള്‍ക്ക് ഇന്തിയന്‍ രീതികളോടു താല്പര്യം കാണിക്കുന്നുണ്ടു. ഇന്ത്യയില്‍ വരണമെന്നും ഉമ്മയുടെ നാടു കാണണമെന്നും ആഗ്രഹമുണ്ടു. മൂന്നു നിലയുള്ള ഒരു ഫ്ലാറ്റിലാണു സുഹറായും കുടുംബവും താമസിക്കുന്നതു. താഴത്തെ നിലയില്‍ അവരുടെ അച്ഛനും അമ്മയും. മുകളില്‍ റഹിമിന്റെ സഹോദരിയും. തുറ്കിഷ് രീതിയിലാണു വീടു അലങ്കരിച്ചിരിക്കുന്നതു. മലയാളിത്തം ഒട്ടും ഇല്ല. ഭക്ഷണ രീതികളും അവിടുത്തെ തന്നെ. സുഹറായെ ഇപ്പോള്‍ കണ്ടാല്‍ മലയാളി ആണെന്നു തോന്നുകയേ ഇല്ല. അല്പം ഇരുണ്ടു തടിച്ചു മുടി ബോബ്ബു ചെയ്തിരിക്കുന്നു. യൂറോപിയന്‍  വസ്ത്റ ധാരണവും കൂടി ആയപ്പോള്‍ തികഞ്ഞു. അവരുടെ ഒരു പഴയ കാറില്‍ ആണു ആദ്യം ഞങ്ങളുടെ വീട്ടില്‍ വന്നതു. ഡ്രൈവിംഗ് അറിയാമെങ്കിലും ഭര്ത്താവാണ്    കാറ് ഓടിച്ചതു. ഞങ്ങള്‍ അവരുടെ വീട്ടിലും പോയി. റഹിമിന്റെ ഉമ്മായും വാ‍പ്പായും സുഹറായെ വളരെ സ്നേഹപൂറ്വം കരുതുന്നു. വിദേശിയാണെന്ന യാതൊരു സംശയവുമില്ല. സ്നേഹക്കുറവും ഇല്ല. സുഹറാ അക്കാര്യത്തില്‍ വളരെ ഭാഗ്യവതിയാണെന്നു പറഞ്ഞു. ഇത്ര ദൂരം അന്യനാട്ടില്‍ സ്വന്തം അമ്മയെയും അച്ചനെയും പോലെ സ്നേഹിക്കുന്ന അമ്മായി അമ്മയും അമ്മായി അച്ചനും. റഹീം സൌദിയില്‍ ഒരു മോടോര്‍ മെക്കാനിക്കാണെന്നു തോന്നുന്നു. ആറുമാസം ജോലി ചെയ്തു ആവശ്യത്തിനു പൈസയുമായി വരും. ആറുമാസം (അഥവാ പൈസ തീരുമ്പോള്‍ സുഹറാ) കഴിഞ്ഞ്  തിരിച്ചു പോകും. വീണ്ടും കാ‍ടാറുമാസം, വീടാറുമാസം. വളരെ സന്തോഷമായി കഴിയുന്ന കുടുംബം. നാട്ടില്‍ നിന്നു തെങ്ങും വാഴയും മറ്റും കൊണ്ടുവന്നു വച്ചു  എങ്കിലും  കാലാവസ്ഥ പിടിക്കാത്തതുകൊണ്ടു അവ വളര്ന്നില്ല   എന്നു അവള്‍ ഖേദപൂര്‍വം  പറഞ്ഞു, പക്ഷേ സുഹറായുടെ ജീവിതം ഐശ്വര്യപൂര്‍വം   വളര്‍ന്നു പന്തലിച്ചിരിക്കുന്നു.

തുര്‍ക്കിക്കാര്‍ ഏഷ്യക്കാരോ    യുറോപ്യന്സൊ

തുര്‍ക്കി എന്ന രാജ്യത്തില്‍  കുറച്ചുഭാഗം യുറോപ്പിലും ബാക്കി ഏഷ്യയിലുമാണ്. പൊതുവെ ഞങ്ങളുടെ അനുഭവത്തില്‍ തുര്‍ക്കിഷ് ജനതയുടെ സംസ്കാരത്തിന് കൂടുതല്‍ ഏഷ്യന്‍ സംസ്കാരത്തോടാണ് അടുപ്പം. പക്ഷെ അവരില്‍ കൂടുതല്‍ ആള്‍ക്കാരും  യുറോപ്യരാകാനാണു ആഗ്രഹിക്കുന്നതു എന്ന് തോന്നുന്നു. അതുകൊണ്ടു വേഷത്തി ലും മറ്റും അവര്‍ യുറോപ്യന്സിനെ അനുകരിക്കുന്നു. ശരിക്കും ഭാരതീയ സംസ്കാരം പോലെ തുര്ക്കിയിലെ  ഇന്നത്തെ സംസ്കാരം ഒരു സങ്കര സംസ്ക്കാരം ആണ്. തുര്‍കിഷ്‌ ഭാഷ തന്നെ നല്ല ഉദാഹരണം. ലിപി ഇന്ഗ്ലിഷ്. വ്യാകരണം അറേബ്യന്‍ ഭാഷയുടെ. ഇക്കാരണം കൊണ്ടു അവര്‍ക്ക് ഇംഗ്ലീഷ് ഭാഷ ഒരിക്കലും നല്ലവണ്ണം കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് കഴിയാറില്ല. മിക്കവാറും എല്ലാ പുസ്തകങ്ങളുടെയും തുര്‍കിഷ്‌ പരിഭാഷ ലഭ്യമാണ്, എഞ്ചിനീയറിംഗ് ബുക്കുകള്‍ വരെ. പകര്‍പ്പവകാശം  എന്നതിനെപ്പറ്റി അവര്‍ കേട്ടിട്ടുണ്ടോ  എന്ന് തന്നെ സംശയം. ശ്രീമാന് ആദ്യത്തെ ക്ലാസുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇതു മനസ്സിലായി. മിക്കവാറും എല്ലാ വിവരവും ബോര്‍ഡില്‍ എഴുതണം. വിദ്യാര്‍ത്ഥികള്‍ അനുസരണയോടെ എല്ലാം എഴുതി എടുത്തുകൊള്ളും. ചോദ്യം ചോദിക്കുന്നതും അതില്‍ നിന്നു തന്നെ ആണെങ്കില്‍ വളരെ സന്തോഷം. എല്ലാവരും നല്ല മാര്‍ക്കു വാങ്ങും. അല്പം മാറ്റി ചോദിച്ചാല്‍ കുഴപ്പമാണ്. ഒരു സുഹൃത്ത്  പറഞ്ഞ ഒരു കഥ ഓര്‍മ്മ വരുന്നു. അദ്ദേഹത്തിന്റെ യൂണിവേര്സിറ്റിയില്‍ രണ്ടു അറബ് കുട്ടികളെ കോപ്പിയടിച്ചതിനു പിടിച്ചു. രണ്ടു പേരും ഒരേ രീതിയില്‍ എഴുതിയിരിക്കുന്നു, ഒരേ തെറ്റ്. സാധാരണ ഗതിയില്‍ ഒരേ തെറ്റ് വരുന്നത് അപൂര്‍വമാണ്. അവരെ വിളിച്ചു വിരട്ടി. അവര്‍ സത്യം പറഞ്ഞു, അവര്‍ കോപ്പിയടിച്ചിട്ടില്ല. സാര്‍ പഠിപ്പിച്ച അതേ രീതിയില്‍ എഴുതിയിട്ടുണ്ട്. ക്ലാസ്സ് നോട്ടു കൊണ്ടുവന്നു അവര്‍ കാണിച്ചു. സത്യമാണ്, തെറ്റ് അദ്ധ്യാപകന്റെതായിരുന്നു. അവര്‍ ക്ലാസ്സില്‍ പഠിപ്പിച്ചത്‌ അത് പോലെ വള്ളി പുള്ളി വിസര്‍ഗം കളയാതെ എഴുതിയിരിക്കും.

 യുറോപ്യന്‍ കൌണ്‍സില്‍ അംഗത്വവും തുര്ക്കിഷ് ജനതയുടെ ഒരു ചിരകാലാഭിലാഷം ആണ്. പക്ഷെ ഇപ്പോഴും അത് സാക്ഷാല്‍കരിക്കപ്പെട്ടിട്ടില്ല, പല കാരണങ്ങള്‍ കൊണ്ടും.ഇന്ത്യയും പാകിസ്ഥാനും പോലെ ടര്‍ക്കിയും ഗ്രീസും തമ്മില്‍ ശത്രുതയാണ്. സൈപ്രസിന്റെ പേരില്‍. തുര്‍ക്കിയിലെ ചരിത്ര പ്രധാനവും ഇന്നും മോടി നിലനിര്‍ത്തുന്നതുമായ വലിയ നഗരമാണ്‌ ഇസ്റ്റാമ്പുള്‍. ആ നഗരത്തിന്റെ പകുതി ഭാഗം യുറോപ്പിലും പകുതി ഏഷ്യയിലുമാണ്. സാമ്പത്തികമായി തുര്‍ക്കി നമ്മളെക്കാള്‍ പിന്നിലാണ്. കുരിശു യുദ്ധങ്ങള്‍ക്കു  പോയവര്‍ എല്ലാം തുര്‍ക്കിയെ ചവിട്ടി മെതിച്ചാണ് പോയത്. അവരുടെ അനാത്തോളിയന്‍ സംസ്കാരം നമ്മുടെ മോഹന്‍ ജോദാരോ സംസ്കാരത്തെക്കാള്‍ പഴയതാണ്. പക്ഷെ തുടര്‍ച്ചയായ യുദ്ധത്തിലും, ഭൂകമ്പങ്ങളിലും പഴയത് പലതും നശിച്ചു പോയി.



Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും