94. ഇറാഖികളുമായി സൌഹൃദവും ചില ഷോപ്പിങ് വിശേഷങ്ങളും
ഒരിക്കല്‍ ശ്രീമാന് ബസ്സ് കയറാന് നില്കുമ്പോള് അല്പം കുള്ളനായ ഒരാള്‍ താങ്കള് ഇന്ത്യയില് നിന്നാണോ എന്ന് ചോദിച്ചു അടുത്തുവന്നു. ശ്രീമാനും താത്പര്യം കാണിച്ചപ്പോള് കാര്യമായി പരിചയപ്പെട്ടു. ചുകുരൊവ യൂണിവേര്സിറ്റിയിലെ മെഡിക്കല് കോളേജില് മൂന്നാം വര്ഷ വിദ്യാര്ത്ഥിയാണയാള്. അയാളും മൂന്നു സഹോദരങ്ങളുമായി അഡനയില് താമസിക്കുന്നു. ഒരു പെണ്കുട്ടിയും മുന്നു ആങ്ങളമാരും. ഞങ്ങള് താമസിക്കുന്നയിടത്തില്‍ നിന്നും അഞ്ചു കിലോമീറ്ററോളം അകലത്തില് വാടകക്ക് താമസിക്കുകയായിരുന്നു അവര്‍. അവരുടെ മാതാപിതാകള് ഇറാഖിലെ ഒരു ഗ്രാമത്തിലാണ്. വളരെ പ്രായം ചെന്നവര്. സഹോദരങ്ങളില് മൂത്തയാള് ജോലിചെയ്തു മറ്റു മൂന്നുപേരെയും പഠിപ്പിക്കുന്നു. ഒരു സഹോദരന് നല്ലവണ്ണം ഭക്ഷണം പാകം ചെയ്യാനറിയുന്നയാളാണ്.
വീട്ടിലേക്ക് ക്ഷണിച്ചപ്പോള് ക്ഷണം സ്വീകരിച്ചു അവര്‍ അടുത്ത ഞായറാഴ്ച തന്നെ വീട്ടിലെത്തി. നാലുപേരും
കൂടി. അത് തന്നെ ഒരു അത്ഭുതമായിരുന്നു. മെസോപ്പോട്ടേമിയന് സംസ്കാരത്തിന്റെ
പിന്മുറക്കാരായ അവര് ഇന്ത്യക്കാരെപ്പറ്റിയും ഭാരതസംസ്കാരത്തെപറ്റിയും വളരെ അധികം
അറിയാനാഗ്രഹിച്ചു. നമ്മുടെ നാണയങ്ങളും മറ്റും കൌതുകത്തോടെ അവര് വാങ്ങി. ശ്രീമാന്
കുറച്ചു പുസ്തകങ്ങളും അവര്‍ക്കു കൊടുത്തു. പെണ്കുട്ടി അവളുടെ മാലയുടെ ലോക്കറ്റില്
അവളുടെ സ്വന്തം പേരു 'എമീന' എന്ന്
സംസ്കൃതത്തില് എഴുതികൊടുക്കണമെന്നു ആവശ്യപ്പെട്ടു. കൂടുകാരെ എല്ലാവരെയും കാണിക്കാനെന്നു
പറഞ്ഞു. ഞങ്ങളുണ്ടാകിയ ഭക്ഷണം രുചിയറിഞ്ഞ് ആസ്വദിച്ചു കഴിച്ചു. രാവിലെ വന്നവര് വൈകുന്നേരം
വരെ ഞങ്ങളുടെ കൂടെ ചിലവഴിച്ചു എന്ന് പറയുമ്പോള് അവരുടെ ഉത്സാഹം മനസിലാക്കാം.
അടുത്ത ആഴ്ചതന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചിട്ടാണവര്‍ പോയത്.
ഞങ്ങള്‍ പറഞ്ഞ സമയത്തു
കൃത്യമായി അയാള്‍ ബസ്റ്റോപ്പില്‍ കാത്തുനിന്നു. വളരെ ചെറിയ ഒരു ഒറ്റമുറി വീട്.
പ്രായമായ ഒരു പെണ്‍കുട്ടിയും മൂന്നു സഹോദരന്മാരും എങ്ങനെ അവിടെ താമസിക്കുന്നു
എന്ന് ഞങ്ങള്‍ അത്ഭുതപ്പെട്ടു. രുചികരമായ ഭക്ഷണം പാകം ചെയ്തത് പാചക വിദഗ്ധനായ
സഹോദരനാണ്. വീണ്ടും ചര്‍ച്ച ഇന്ത്യയെപ്പറ്റിത്തന്നെ.
അവരുടെ അന്വേഷണവും ആവേശവും ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. ഒരു കുടുംബത്തെകൂടി
പരിചയപ്പെട്ട സന്തോഷത്തില് ഞങ്ങള് സന്ധ്യയോടുകൂടിതിരിച്ചു പോന്നു.
തിരിച്ചു വരുന്ന വഴി ഞങ്ങള്‍
പതിവായി സാധനങ്ങള്‍ വാങ്ങുന്ന കടയില് കയറി. ആ സമയത്ത് ഒരു സ്ത്രീ ഒരു
ഉന്തുവണ്ടിയില്‍ മധുര പലഹാരങ്ങള്‍ വില്കാനായി എത്തിയിരുന്നു. ഞങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ നമ്മുടെ അലുവ പോലെയുള്ള ഒരു പലഹാരം അയാള്‍ ഞങ്ങള്‍ക്കു വേണ്ടി വാങ്ങി. കടക്കാരനും
സ്ത്രീയും തമ്മില് എന്തൊക്കെയോ പറയുന്നുണ്ട്, തുര്‍ക്കിഷ്
ഭാഷയില്. അവസാനം പലഹാരത്തിന്റെ പണം കൊടുത്തപ്പോഴാണ് കാര്യം മനസ്സിലായത്. ആ സ്ത്രീ
പണം വാങ്ങുകയില്ല, വളരെ നിര്ബന്ധിച്ചിട്ടും. ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്ക്
അവരുടെ സംഭാവനയായി കണക്കാക്കണം എന്ന്
താഴ്മയായി അപേക്ഷിക്കുന്നു. ഒന്നാംതരം സ്വാദുള്ള പലഹാരം. turkish delight എന്ന് കേട്ടത് എത്ര ശരിയാണെന്നു ഞങ്ങള്‍ക്കു മനസ്സിലായി. പിന്നീട് എല്ലാ
ആഴ്ചയും ഞങ്ങള്‍ വിവിധ തരത്തിലുള്ള മധുര
പലഹാരങ്ങള്‍ അവരോട് വാങ്ങിക്കൊണ്ടിരുന്നു.
മദാമ്മയും ഖതീജയും ഞാനും കൂടുമ്പോള്‍ എല്ലാം സംഭാഷണം ഇന്ത്യയെപ്പറ്റിയാവും. തമിഴ്
നാട്ടിലെ വീടുകളിലും നമ്മുടെ
ബാട്ടില്‍ ബ്രാഹ്മണ ഗൃഹങ്ങളിലും വരയ്കുന്ന കോലം ഞാനവരെ വരച്ചു കാണിച്ചു
കൊടുത്തു. എതാനും കുത്തുകള് കൊണ്ടു ഒരു കോലം വരയ്കുന്നതു അവര്‍ക്ക് അത്ഭുതം ഉണ്ടാക്കി. അവരാ ചിത്രം നിധി പോലെ
സൂക്ഷിച്ചു വച്ചു. പരസ്പരം തുര്‍ക്കിഷ് ഭക്ഷണവും ഇന്ത്യന് ഭക്ഷണവും മാറി മാറി
രുചിക്കാനും അവസരമുണ്ടായി. മദാമ്മയ്കു മാത്രം പാചകം വേണ്ടിവന്നില്ല. അല്ലെങ്കില്‍ തന്നെ ഒരു ചാക്കു ഉരുളക്കിഴങ്ങു മാത്രമേ അവരു വാങ്ങുന്നതു ഞങ്ങള്‍ കണ്ടിട്ടുള്ളൂ. അവരുടെ മക്കള്‍ വരുമ്പോള്‍ പോലും താമസവും ഭക്ഷണവും ഗസ്റ്റ്
ഹൌസില് ആയിരുന്നു. കുടുംബം എന്ന സങ്കല്പം യൂറോപ്യരുടെ ഇടയില്‍ നമ്മുടെപോലെയുള്ളതില്‍
നിന്നു വളരെ വ്യത്യസ്തമാണല്ലൊ. സ്കൂള്‍ വിദ്യഭ്യാസം കഴിയുന്നതിനു
മുമ്പു തന്നെ കുട്ടികള് സ്വതന്ത്രമായി ജീവിക്കാന് പഠിക്കുന്നു. സ്വന്തമായി
വരുമാനമുണ്ടാക്കാനും അവരവര്‍ക്കു താല്പര്യമുള്ള രീതിയില് പഠിച്ചോ ജോലി ചെയ്തോ
ജീവിക്കാനും തുടങ്ങുന്നു. പ്രായമാകുമ്പോള്‍ അവരവര്‍ക്ക് ഇഷ്ടമുള്ള ഇണയെ
കണ്ടെത്തുന്നതിനുപോലും അവര്‍ മാതാപിതാക്കളുടെ സഹായം ആവശ്യപ്പെടാറില്ല.
മദാമ്മയുടെ രണ്ടു മക്കളും, ഒരു മകനും മകളും സ്വന്തം ഇണയെ
സ്വയം കണ്ടെത്തി വിവാഹത്തിന് മാതാപിതാക്കളെ ക്ഷണിക്കുക ആയിരുന്നു.
ഒരു ദിവസം ഞങ്ങള്‍ ഒരു പ്രദര്‍ശനം
കാണാന് പോയി. ഇന്ത്യയില്‍ നിന്നുള്ള
വളകളും മാലകളും ഒക്കെയുണ്ടു തുര്‍ക്കിക്കാരുടെ കൌതുക വസ്തുക്കള്‍ക്കൊപ്പം .
അവിടുത്തെ പെണ്കുട്ടികള്‍ക്കും എന്റെ
പൊട്ടു ആകറ്ഷകമായി തോന്നി. നെറ്റിയിലണിഞ്ഞ പൊട്ടു അവരാവശ്യപ്പെട്ടപ്പോള് ഞാന്
എടുത്തു കൊടുത്തു. തുര്‍ക്കിയിലെ കാര്‍പെറ്റുകള്‍ പ്രസിദ്ധമാണു. ഇറാനിലെ കാറ്റ്പെറ്റുകള്‍ പോലെ
തന്നെ. ഒരു കാര്‍പെറ്റ് കടയില്‍ കയറി.
വൈവിധ്യമാര്ന്ന രൂപകല്പന ചെയ്തുണ്ടാക്കിയ കാര്‍പെറ്റുകള് വളരെ ഭംഗിയുള്ളതാണു.
ഞങ്ങളുടെ മകള്‍ക്ക് ഒരു കാര്പെറ്റു വാങ്ങണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു.
അമേരിക്കയിലേക്കു അയക്കാന്‍ ഒരു മാര്‍ഗ്ഗവും
കടക്കാരു തന്നെ പറഞ്ഞു തന്നു. അഡനയില് അമേരിക്കയുടെ ഒരു മിലിറ്ററി താവളം ഉണ്ടു.
ഇറാക്കി അതൃത്തിക്ക് വളരെ
അടുത്തായതുകൊണ്ടു തന്ത്രപ്രധാനമായ ഒരു താവളം. ( അമേരിക്ക ഇറാക്കില് ഇടപെടുന്നതിനു
വളരെ മുമ്പാണു എന്നോര്‍ക്കുക. ). ഇഞ്ചെര്ലിക് ബേസു എന്നാണിതിനു പേര്. അവിടെ
ഏല്പിച്ചാല് അമേരിക്കയില് എവിടെയും സാധനങ്ങള് എത്തിക്കാം. പട്ടാളക്കാര്‍ക്ക് സാധനം കൊണ്ടുപോകുന്ന മാര്ഗം ഉപയോഗിച്ചു.
അമേരിക്കയിലെ മേല്വിലാസവും സാധനവും ഏല്പിച്ചാല്‍ മതി. രണ്ടാഴ്ചക്കകം സാധനം അവിടെ എത്തിക്കും.
ന്യായമായ ചിലവേ ഉള്ളൂ. വീണ്ടും വരാം എന്നു പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു. ഞങ്ങളുടെ യാത്ര സ്ഥിരമായി ബസ്സിലായിരുന്നു.
മിക്കപ്പോഴും സാമാന്യം തിരക്കുണ്ടാവും . പക്ഷേ ഞങ്ങള്‍ക്ക് ഒരിക്കല് പോലും ബസ്സില്‍
നില്കേണ്ടി വന്നില്ല. പ്രായമുള്ള
യാത്രക്കാര്‍ക്ക് മറ്റുളളവര് സീറ്റ്
ഒഴിഞ്ഞു കൊടുക്കുന്നു. പ്രത്യെകിച്ചു സ്ത്രീകള്‍ക്ക്.
Comments
Post a Comment