95. ഇസ്റ്റാംബുള്‍ സന്ദര്‍ശനം
തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറ കണ്ട് അമേരിക്കയിലേക്കുള്ള വിസയും ശരിയാക്കി. ആറുമാസത്തെ വിസ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ക്ക് പത്തു കൊല്ലത്തെ വിസ പിടിച്ചോ എന്ന് അമേരിക്കന്‍ എംബസ്സി. പോകുന്ന വഴി ഒരു ദിവസം ഇസ്റ്റാംബുളില്‍ തങ്ങി നഗരം കണ്ടു പോകാമെന്ന് വിചാരിച്ചു. . യുറോപ്പിന്റെ കവാടം ആണ് ഇസ്റ്റാംബുള്‍. ഞങ്ങള്‍ക്ക് സഹായിയായതു ഒരു വൈദ്യവിദ്യാര്‍ത്ഥി ആയിരുന്നു. അഡനയിലെ ഒരു സുഹൃത്തിന്റെ ബന്ധു. നാസര് എന്നാണു പേരു. അയാള് വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. ഇംഗ്ളണ്ടിലേക്കുള്ള യാത്റാമദ്ധ്യേ ആയിരുന്നതു കൊണ്ടു അല്പം ലഗേജു കൂടുതലുണ്ടായിരുന്നു. താമസം നാലാമത്തെ നിലയിലുള്ള ഒരു ഫ്ലാറ്റില്‍ ആയിരുന്നു അതും അഡന സുഹൃത്തിന്റെ വക. ടാക്സിക്കാരന്‍ ഞങ്ങള്‍ ആവശ്യപ്പെടാതെ തന്നെ സാധനങ്ങള്‍ ഫ്ലാറ്റിലെത്തിചു. കൂടുതല്‍ പൈസ കൊടുത്തിട്ടും വാങ്ങിയില്ല. നാസര് ഞങ്ങള്‍ക്ക് വേണ്ടി എല്ലാ സാധനങ്ങളും ഫ്ലാറ്റില്‍ എത്തിച്ചിരുന്നു. ചായക്കുള്ള പാലു വരെ. രാത്രി പുറത്തുനിന്നു ഭക്ഷണം കഴിച്ചു . ചെറുതെങ്കിലും വൃത്തിയായി സൂക്ഷിക്കുന്ന ഹോട്ടല്‍. അരണ്ട വെളിച്ചത്തില്‍ ഒരു വെള്ളച്ചാട്ടത്തിന്റെ മാതൃക ഉണ്ടാക്കി വച്ചിരിക്കുന്നു. അര മണിക്കൂറിനകം ഭക്ഷണം എത്തി. സാലഡാണു ആദ്യം. തുര്‍ക്കിഷ് ഭക്ഷണത്തിന്റെ അനുപേക്ഷണീയമായ ഘടകമാണു സാലഡ്. സാമാന്യം വലിയ ഒരു പാത്രം നിറയെ ഉണ്ടാവും. തക്കാളിയും കക്കിരിയും മറ്റു ചില ഇലകളും. അതിന്റെ പുറത്തു കുറച്ചു ഒലിവെണ്ണയും ഒഴിച്ചിരിക്കും. അതു മുഴുവന് കഴിച്ചാല്‍ തന്നെ നമ്മുടെ വയറ് നിറഞ്ഞിരിക്കും. അതു കഴിയുമ്പോഴായിരിക്കും പ്രധാന ഭക്ഷണവും റൊട്ടിയും വരുക
അവിടെ വച്ചു ഞങ്ങള്‍ ഒരു പാകിസ്താനി ഡോക്റ്ററെ പരിചയപ്പെട്ടു. ഖാദറ് എന്നാണു പേര്. ലെഗ് സ്പിന്നെറ് അബ്ദുല്‍ ഖാദറിന്റെ സമാനമായ രൂപം. 18 വര്‍ഷമായി അദ്ദേഹം ഇസ്റ്റാം ബുളില് ജോലി ചെയ്യുന്നു. ഒരു തുര്‍ക്കിക്കാരിയെ വിവാഹം കഴിചു, 2 കുട്ടികളുമായി. ഡോ. ഖാദറിനു ഏകദേശം 45 വയസ്സു പ്രായം കാണും. ഞങ്ങള് ഇന്ത്യക്കാരാണെന്നു മനസിലായപ്പോള് ഞങ്ങളുടെ അടുത്തുവന്നു പരിചയപ്പെട്ടു. വളരെ സന്തോഷത്തോടെ ഹിന്ദിയിലായിരുന്നു സംഭാഷണം. ഡെല്‍ഹിയില്‍ വച്ചു ഉപയോഗിച്ച ഹിന്ദി പ്രയോജനപ്പെട്ടു. ഞങ്ങളുടെ സംഭാഷണത്തില്‍ അതൃത്തിയോ കാശ്മീറോ കടന്നു വന്നേ ഇല്ല. ഒരു രാജ്യക്കാരെപ്പോലെ ഹൃദ്യമായ സംഭാഷണം. ലാത്തൂരിലെ ഭൂകമ്പം ഉണ്ടാകിയ നഷ്ടങ്ങളായിരുന്നു പ്രധാന വിഷയം. അവരുടെ രാജ്യത്തിലുണ്ടായ വിപത്തുപോലെ അദ്ദേഹം വിഷമിച്ചു കണ്ടു. ഇന്ത്യക്കാരും പാകിസ്താനികളും എന്നും സഹോദരഭാവത്തിലാണ് വര്‍ത്തിക്കുന്നതു, രാഷ്ട്റീയക്കര്‍ അവരവരുടെ താല്പര്യം സംരക്ഷിക്കാന് കാശ്മീര്‍ ഇടക്കിടക്കു കുത്തിപ്പൊക്കുന്നു എന്നു മാത്രം. വിമാനത്താവളത്തില് വച്ചു ഒരാള് എന്നെ ‘ ഇന്ദിരാ ഗാന്ധി’ എന്നു വിളിച്ചു. സാരിയുടെ മഹത്വം.
ഇസ്റ്റാംബുള്‍ ചരിത്രത്തില്‍ അത്യപൂര്‍വമായ സ്ഥാനം ഉള്ള
നഗരമാണ്. ഏഷ്യയും യൂറോപ്പും കൂടിച്ചേരുന്ന ഇടം എന്നതിനുപരി മൂന്നു
പ്രാവശ്യം പേരു മാറിയ
നഗരം കൂടിയാണ്. റോമാ സാമ്റാജ്യ കാലത്ത് കോണ്സ്റ്റാന്‍റിനോപ്പിള്‍, പിന്നീട് ബൈസന്‍റൈന്‍ , ഇപ്പോള്‍ ഇസ്റ്റാംബുള്‍ എന്നിവയായിരുന്നു ഈ മൂന്നു
പേരുകള്‍.
പിറ്റെ ദിവസം നാസറിനോടൊപ്പം
പല സ്ഥലങ്ങളും കണ്ടു. നാസര് നീല മോസ്ക്കില് എത്തിയപ്പോള്‍ വാചാലനായി.
പ്രവാചകനുപയോഗിച്ച വാളും മറ്റും
അവിടെ ഉണ്ടു. നാസര് പ്രത്യേകം പറഞ്ഞു. ‘ പ്രവാചകന്
ആ വാള് ഉപയോഗിച്ചിട്ടേ ഇല്ല.’. ഞങ്ങള്‍ ഉള്ളില് ചിരിച്ചു.
യഹൂദ മതം പഴകി അധപതിച്ച കാലത്താണ് കൃസ്തുമതം ഒരു കാലഘട്ടത്തിന്റെ
ആവശ്യമെന്നോണം വന്നത്. എന്നാല്‍ കൃസ്തുമതം വളരെ
പ്രചാരം കിട്ടിക്കഴിഞ്ഞ സമയത്താണല്ലോ ഇസ്ലാം മതം വന്നതു. ആദ്യമാദ്യം ഇസ്ലാം മതത്തിലേക്കു ബലം പ്രയോഗിച്ചു മത പരിവര്‍ത്തനം നടന്നു
എന്നാണു ചരിത്രം നമ്മെ പഠിപ്പിക്കുന്നതു.
ഇന്നത്തെ സംഘട്ടനങ്ങള്‍ക്ക് തുടക്കവും
അന്നു തന്നെ ആയിരുന്നു, അതിന്നും തുടരുന്നു എന്നു മാത്രം. ബിന്‍ലാടന്മാരും ബുഷ്ഷുമാരും ഭാവിയിലും
ഉണ്ടാവുമെന്നു തീര്‍ച്ച കുരിശു
യുദ്ധക്കാര് ജെറുസലേമിലേക്കു യാത്ര ചെയ്തതു തുര്‍ക്കിയില്‍ സംഹാര താണ്ഡവം ആടിക്കഴിഞ്ഞാണെന്നും ഓര്‍മ്മിക്കുക. പല പള്ളികളിലും ഇസ്ലാം ക്രിസ്ത്യന് യുദ്ധത്തിന്റെ ഫലങ്ങള്‍ കാണാം. ഇടക്കുണ്ടാകുന്ന ഭൂകമ്പം ഉണ്ടാക്കുന്ന
നാശങ്ങളില്‍ നിന്നു തിരിച്ചറിയാന് വയ്യാത്ത വിധം.. പല പള്ളികളിലും
ഉയരത്തില്‍ ഉണ്ണി ഈശോയുടെ
ചിത്രം ഗ്ലാസില്‍ വരച്ചത്
ഇന്നും നില നില്‍ക്കുന്നു.
റോമാ
സാമ്രാജ്യകാലത്തിന്‍റെ സംഭാവനകള്‍ ചിലതൊക്കെ
ഇപ്പോഴും അവിടെ നിലനില്‍ക്കുന്നു. അഗസ്റ്റസ് സീസറിന്‍റെ
പേരില്‍ ഉള്ള ഒരു സ്തൂപമുണ്ട് . ഭൂമിക്കടിയില്‍ ഉള്ള ഒരു ജലസംഭരണി ഇപ്പോഴും അവര്‍
നശിക്കാതെ സൂക്ഷിക്കുന്നു. ഇസ്റ്റാംബുളിന്‍റെ ചുറ്റും
സമുദ്രം ആയതു കൊണ്ട് ഉപ്പുവെള്ളം മാത്രമേ കിട്ടുമായിരുന്നുള്ളൂ. വിദൂര സ്ഥലങ്ങളില്‍ നിന്ന്
വലിയ തോണികളില്‍ ശുദ്ധജലം കൊണ്ടൂ വന്ന് ഈ അന്തര്‍ഭൌമ ജലസംഭരണിയില്‍ നിറച്ചു
വിതരണം ചെയ്തിരുന്നുവത്രെ. അതുപോലെ അത്തത്തുര്‍ക്കിന്‍റെ കൊട്ടാരവും കാണാം.




Comments
Post a Comment