97.സൈപ്രസ്സിലേക്ക്- ഒരു കടല്‍ യാത്രയും അല്പം ചരിത്രവും
സൈപ്രസ്സിലേക്കു അദനായില്‍ നിന്നു വിമാനത്തിലും കപ്പലിലും പോകാം. അമേരിക്കയില്‍ നിന്നു വാരിക്കെട്ടിക്കൊണ്ടുവന്ന സാധനങ്ങള്‍ പലതും തുറന്നു നോക്കിയിട്ടുപോലും ഇല്ല. നല്ല ഭാരവും ഉണ്ടു. പിന്നെ കപ്പല്‍ യാത്ര ഇതുവരെ ചെയ്യാത്തതു കൊണ്ടു അതിന്റെ ഒരു ത്രില്ലനുഭവിക്കാനും തീരുമാനിച്ചു. അഡനയില്‍ നിന്നു എതാണ്ടു മൂന്നു മണിക്കൂറ് ബസ്സില്‍ യാത്ര ചെയ്താല്‍ മെര്സിന് എന്ന തുറമുഖം ആയി. അതു പുരാതനമായ ഒരു വലിയ തുറമുഖമാണു. അവിടെ നിന്നു സൈപ്രസ്സിലേക്കു ബോട്ടു കിട്ടും. അമേരിക്കയില്‍ തിമിംഗലത്തിനെ കാണാന്‍ പോയ ബോട്ടു യാത്രയുടെ നല്ല ഓര്‍മ്മകള്‍ ഞങ്ങള്‍ക്ക് പ്രോത്സാഹനവുമായി. യാഥാര്‍ത്ഥ്യം അകലെ ആയിരുന്നു എന്നത് അറിഞ്ഞത് വൈകിയെങ്കിലും.
ഞങ്ങള്‍ താമസിച്ച വീടിന്റെ പകുതി വര്‍ഷം വാടക മുഴുവനും
നഷ്ടമായി. വാങ്ങിയ ഫര്‍ണിച്ചര്‍ നിസ്സാര വിലക്കു വിറ്റു . ബാക്കിയുള്ളവ ആര്‍ക്കോ വെറുതെ
കൊടുത്തു. അങ്ങനെ പെട്ടിയും പടുക്കയുമായി പതിമൂന്നു പാക്കറ്റുകളുമായി ഞങ്ങള്‍ ബസ്സില്‍ കയറി. നിറഞ്ഞ കണ്ണുകളോടെ ഞങ്ങള്‍ തുര്‍ക്കിയോടു
വിട പറഞ്ഞു. വഴിയില്‍ ഞാന്‍ ശരിക്കും കരയുകയായിരുന്നു. ബസ്സില്‍ നിന്നിറങ്ങി ഒരു
വാനില്‍ പതിനഞ്ചു മിനുട്ടു യാത്ര ചെയത്
ഞങ്ങള്‍ തുറമുഖത്തിലെത്തി. ധാരാളം
ആള്‍ക്കാര്‍ ബോട്ടില്‍ യാത്രക്കു തയാറായുണ്ട്. വലിയ ബോട്ടാണു. കാറുകള്‍ വരെ ബോട്ടിന്റെ
താഴത്തെ തട്ടില്‍ കയറ്റാന് കഴിയും. ധനികരായ പല വിദ്യാര്‍ത്ഥികളും കാറുമായാണു
സൈപ്രസ്സിലെക്കു പോകുന്നതു. ബിഎംഡബ്ലിയുവും റെയ്നോള്‍ട്ടും ബെന്സും എല്ലാം ഉണ്ടായിരുന്നു.
ആള്‍ക്കാരുടെ കയ്യില് എല്ലാം ധാരാളം
സാധനങ്ങളുണ്ട്, ചൂലു വരെ അതിലുണ്ടായിരുന്നു. എനിക്കു ഇതു കണ്ടപ്പോള് തമാശയാണു തോന്നിയതു.
പക്ഷേ അതിന്റെ കാരണം എനിക്കു മനസ്സിലായതു അവിടെ ചെന്നു കഴിഞ്ഞാണു.
ബോട്ടില്‍ നിറച്ചു യാത്രക്കാരുണ്ടു. സ്ത്രീകളും
പുരുഷന്മാരും. അകത്തു കയറിക്കഴിഞ്ഞാണു കാര്യം മനസ്സിലായത് . ബോട്ടില്‍ ഏസി പ്രവര്‍ത്തിക്കുന്നില്ല.
എല്ലാ വാതിലുകളും ജനാലകളും അടച്ചിരിക്കുകയാണു, കടലു ക്ഷോഭിച്ചിരിക്കുകയാണു എന്നു കാരണം.
അകത്തു നല്ല ചൂടു. ബോട്ടില് ഒരുസീറ്റു പോലും കാലി ഇല്ല. കുറച്ചു ദൂരം യാത്ര
ചെയ്തപ്പോള്‍ തന്നെ പലരും ച്ഛര്‍ദ്ദി
തുടങ്ങിയിരുന്നു. കടല്‍ ചൊരുക്കു എന്ന് പറയുന്ന അസുഖം. എനിക്കും ച്ഛര്‍ദ്ദിക്കാന്
തോന്നി. സീറ്റില് ചുരുണ്ടുകൂടി ശ്രീമാന്റെ മടിയില്‍ കിടന്നു. തല ഉയര്‍ത്താന്‍ തന്നെ
സാധിച്ചില്ല. പുരുഷന്മാരും സ്ത്രീകളും ഛര്ദ്ദിക്കുന്നുണ്ട്, പ്ലാസ്റ്റിക് കവറില്. എതായാലും നരകതുല്യമായ യാത്ര കഴിഞ്ഞു ഞങ്ങള്‍ അഞ്ചര മണിയോടെ സൈപ്രെസ്സ് തുറമുഖത്തിലെത്തി.
സൈപ്രസ്സിലെ യൂണിവേര്‍സിറ്റികളില്‍ പഠിക്കുന്ന ധാരാളം കുട്ടികള്‍ ഞങ്ങളോടൊപ്പം
ഉണ്ടായിരുന്നു. ബോട്ടു ജെട്ടിയില്‍ കസ്റ്റംസ് പരിശോധനക്കു ശേഷം ഞങ്ങള്‍ യുണിവേര്‍സിറ്റി
വാഹനത്തില്‍ ഒരു മണിക്കൂറ് യാത്ര ചെയ്തു താമസസ്ഥലത്തു എത്തി. ശ്രീമാന്റെ സുഹൃത്തു
അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു. രണ്ടു നിലയിലുള്ള ഒരു കെട്ടിടത്തിലാണു ഞങ്ങള്‍ക്കു മറ്റു വിദേശികളായ അധ്യാപകരോടൊപ്പം താമസം. എട്ടു
പേര്‍ക്ക് താമസിക്കാം . അന്നു ഞങ്ങള്‍
മാത്രമേ കുടുംബമായി താമസിക്കാനവിറെ ഉണ്ടായിരുന്നുള്ളൂ. മറ്റെല്ലാവരും
ഒറ്റയാന്മാര്. എല്ലാ രാജ്യക്കാരും ഉണ്ടായിരുന്നു അവിടെ. യുക്രൈന്‍, അസ്സര്ബെയ്ജാന്‍ , റഷ്യ, ജെര്മ്മനി
എന്നിങ്ങനെ. ഏഷ്യക്കാരായി ഞങ്ങളും സുഹൃത്തും മാത്രം
സൈപ്രസ്സു രണ്ടെണ്ണം ഉണ്ടു.
ഞങ്ങളെത്തിയത് എത്തിയത് തുര്‍ക്കിയുടെ
അധീനത്തിലുള്ള ഉത്തര സൈപ്രസ്സിലേക്കാണു. സൈപ്രസ്സ് മധ്യ ധരണ്യാഴിയില് തുര്‍ക്കിക്ക്
തൊട്ടു തെക്കു ഭാഗത്തായി കിടക്കുന്ന ഒരു ദ്വീപാണു. പ്രേമത്തിന്റെ ഗ്രീക്ക്ദേവതയുടെ
(aphrodite) പേരില്‍
നിന്നാണ് സൈപ്രസ് എന്ന പേരു വന്നതെന്നും അവിടെ ധാരാളമായി ഖനനം ചെയ്തെടുത്തിരുന്ന
ചെമ്പു ( copper) എന്നതിന്റെ ഭാഗമായിട്ടാണ് ഈ പേരു
വന്നതെന്നും രണ്ടഭിപ്രായം ഉണ്ട്. പണ്ടു കാലത്തു ഈ ദ്വീപ് കടല്കൊള്ളക്കാരുടെ
ഇടത്താവളം ആയിരുന്നു. നയതന്ത്രപ്രധാനമായ ഈ സ്ഥലം ഒരു കാലത്ത് സമുദ്രത്തിന്റെ
രാജാക്കന്മാരായിരുന്ന ബ്രിട്ടീഷുകാര്‍ അവരുടെ കോളണി ആക്കി. സൈപ്രെസ്സിന്റെ വടക്കേ
ഭാഗത്തു തുര്‍ക്കിയില് നിന്നു വന്ന മുസ്ലീം മതക്കാരും ഗ്രീസിനോടടുത്തു കിടക്കുന്ന
തെക്കും പടിഞ്ഞാറും ഭാഗത്തു കൂടുതല്‍ കൃസ്ത്യാനികളുമാണു താമസിക്കുന്നതു. ഓറഞ്ചും
മുന്തിരിയും ധാരാളം വളരുന്ന സ്ഥലം. സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ അധിപന്മാര്
ക്രമേണ സൈപ്രെസ്സില്‍ നിന്നും പോകേണ്ടിവന്നു. പക്ഷെ നമ്മുടെ ഭാരതത്തിനു ചെയ്ത പോലെ
ഒരു ‘പാര’ വച്ചിട്ടാണവര്‍ പോയത്
. മുസ്ലീം ക്രിസ്ത്യന് സംഘട്ടനം ഉണ്ടാകും എന്നു ഭയന്നു സൈപ്രസ്സിന്റെ ഭരണത്തില് ന്യൂനപക്ഷമായ മുസ്ലിംസമുദായത്തില്‍
പെട്ടവരുടെ സംരക്ഷണത്തിനു തുര്‍ക്കിയെയും ഭൂരിപക്ഷമായ ക്രിസ്ത്യന് സമുദായക്കാരുടെ
അവകാശങ്ങള്‍ സംരക്ഷണത്തിനു് ഗ്രീസിനെയും മധ്യവര്‍ത്തികളായി, അമ്പയറായി ബ്രിട്ടീഷ് ഗവര്‍മെണ്ടിനേയും
നില നിര്‍ത്തി ഒരു ഭരണഘടന ഉണ്ടാക്കി. 1960 ല്‍ സൈപ്രെസ്സ് ഒരു സ്വന്തന്ത്ര റിപ്പബ്ലിക്കായി.
കുറച്ചുനാള് രണ്ടു മതക്കാരും തമ്മില്‍ വലിയ പ്രശ്നം ഒന്നുമില്ലാതെ കഴിഞ്ഞു. എന്നാല്‍
ആര്‍ച്ച് ബിഷപ്പു മക്കാറിയോസ്
സൈപ്രസ്സിന്റെ പ്രസിഡണ്ടായതോടുകൂടി സ്ഥിതി ആകെ മാറി. അദ്ദേഹം സൈപ്രസ്സ് സര്‍ക്കാര്‍
ജോലിയില് നിന്നും മുസ്ലീങ്ങളെ ഒഴിവാക്കി
തുടങ്ങി. പോലീസിലും മറ്റും ആയിരുന്നു ആദ്യ ശുദ്ധീകരണം. ഇതു സ്വാഭാവികമായും
പ്രതിഷേധത്തിനു കാരണമായി. തുര്‍ക്കിയിലെ ഗവണ്മെണ്ടു പല പ്രാവശ്യം താക്കീതു
കൊടുത്തു, ബ്രിട്ടീഷ് സര്‍ക്കാറിനെ വിവരം അറിയിച്ചു. എന്നാല്‍
ഒന്നും സംഭവിച്ചില്ല,ബിഷപ്പു തന്റെ സ്വേച്ഛാധിപത്യ രീതി തുടര്‍ന്നു. തുര്‍ക്കിഷ് മുസ്ലീങ്ങളുടെ
അവകാശസംരക്ഷണത്തിനു എന്നു പറഞ്ഞു തുര്‍ക്കിഷ് സേന 1974 ല്‍ സൈപ്രസ്സിന്റെ വടക്കു ഭാഗം ആക്രമിച്ചു കീഴടക്കി.,
തുര്‍ക്കിഷ് വടക്കന് സൈപ്രെസ്സ് എന്ന സ്വതന്ത്ര റിപ്പബ്ലിക്കിനു
രൂപംകൊടുത്തു. എന്നാല്‍ ഐക്യരാഷ്ട്രസഭയും അംഗരാജ്യങ്ങളും ഈ പുതിയ റിപ്പബ്ലിക്കിനെ
അംഗീകരിച്ചില്ല. തുര്‍ക്കിയും കുറെക്കഴിഞ്ഞു പാകിസ്ഥാനും മാത്രമേ ഈ
റിപ്പബ്ലിക്കിനെ അംഗീകരിച്ചിട്ടുള്ളൂ. അങ്ങനെയുള്ള വടക്കന് സൈപ്രസ്സിലേക്കാണു
ഞങ്ങള് പോയത്.രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന് ഐക്യ രാഷ്ട്റ സഭ അവരുടെ ഒരു സേനയെ
അവിടേക്കയച്ചു. വടക്കന് സൈപ്രസ്സിന്റെയും തെക്കന് ഗ്രീക്കുസൈപ്രെസ്സിന്റെയും
ഇടക്കു ഒരു ആളില്ലാ മേഖലയുണ്ടാക്കി അവിടെ സമാധാനം സ്ഥാപിച്ചു. ഇപ്പോഴും ഈ സേന
അവിടെ ഉണ്ടു. രണ്ടുസൈപ്രെസ്സുകളും തമ്മില് ലയനചര്‍ച്ച പലതും നടന്നു എങ്കിലും ഇതു
വരെ വലിയ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. ഇതിനിടക്കു സാമ്പത്തികമായി മെച്ചപ്പെട്ട
തെക്കന് സൈപ്രെസ്സ് യൂറൊപിയന് കൌണ്സില്‍ അംഗവുമായി, തുര്‍ക്കിയുടെ
പ്രതിഷേധത്തെ അവഗണിച്ചു.വടക്കന്‍ സൈപ്രസ്സിനു മേലുള്ള ഊരുവിലക്കല്‍ ( embargo)
ഇന്നും നിലനില്ക്കുന്നു. അവിടെയുള്ള പഴങ്ങളുടെ ചാര്‍ പോലും
പുറത്തേക്ക് അയക്കാനാകാതെ അവര്‍ തുര്‍ക്കിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ
ഗ്രാന്റ് കൊണ്ടു ജീവിതം കഴിക്കുന്നു.
ചിലരുടെ ബന്ധുക്കള്‍ ഇങ്ലണ്ടിലും ജര്‍മ്മനിയിലും
ജോലി ചെയ്യുന്നതില്‍ നിന്നുള്ള വരുമാനം ഒരു തുണ ആകുന്നു.
Comments
Post a Comment