104. ഞങ്ങള്‍ക്ക് ഒരു കൊച്ചു മകനുണ്ടായി
മകന്റെ വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങള്‍ കഴിഞ്ഞായിരുന്നു ഞാനും ഭൈമിയും കൂടി ടര്‍ക്കിയിലേക്ക് പോയത്, മകനെയും ഭാര്യയേയും അവരുടെ സ്വാതന്ത്ര്യത്തിനു വിട്ടിട്ട്. മകന്‍ പ്രൈവറ്റ് ആശുപത്രിയിലും മരുമകള്‍ പി.ജി.പ്രവേശന പരീക്ഷക്ക് തയാറെടുപ്പും ആയി കഴിയുകയായിരുന്നു. ഞങ്ങള്‍ ടര്‍ക്കിയില്‍ ആറുമാസം കഴിഞ്ഞു പണപ്പെരുപ്പം ഭീകരമായപ്പോള്‍ ടര്‍ക്കിയില്‍ നിന്ന് ടര്‍ക്കിഷ് അധീനതയിലുള്ള സൈപ്രസിലേക്ക് കപ്പല്‍ കയറി. അവിടെ മോശമല്ലാത്ത പ്രതിഫലം കിട്ടി, പോരാഞ്ഞു പകുതി പണം സുസ്ഥിരമൂല്യമുള്ള കറന്സികളായ പൌണ്ടിലോ അമേരിക്കന്‍ ഡോളറിലോ കിട്ടുമെന്നും ഉറപ്പുണ്ടായിരുന്നു. ടര്ക്കിഷ് ലീറായില്‍ കിട്ടുന്ന പകുതി ശമ്പളം കൊണ്ടു ചെലവ് കഴിയാം ബാക്കി കൊണ്ടു യാത്രയും മറ്റും നടത്താം എന്ന നിലയിലായിരുന്നു. ടര്‍ക്കിയില്‍ തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ മടക്കയാത്രക്ക് പണം കുട്ടികളുടെ കയ്യില്‍ നിന്ന് കടം വാങ്ങേണ്ടി വരുമായിരുന്നു. ആ സാഹചര്യത്തിലാണ് സൈപ്രസ്സിലേക്ക് പോയത്. സൈപ്രസ്സിലെ വിശേഷങ്ങള്‍ ശ്രീമതി സ്വന്തം രീതിയില്‍ പറഞ്ഞത് വായിച്ചു കാണുമല്ലോ.
ടര്‍ക്കിയില്‍
നിന്നും ആദ്യ വെക്കേഷന് അമേരിക്കയില്‍ മകളുടെ അടുത്താണ് പോയത്. സൈപ്രസ്സില്‍ പോയതിനു
ശേഷം ആദ്യത്തെ അവധി ഡിസംബറില്‍ നാട്ടിലെത്തിയപ്പോള്‍ മകന്റെ ഭാര്യ ഗര്‍ഭിണിയായി
എന്നറിഞ്ഞു. ഗര്‍ഭാരംഭകാലത്തെ ബുദ്ധിമുട്ടുകള്‍ കാരണം അവള്‍ വളരെ
ക്ഷീണിച്ചിരുന്നു. മകളെ തനിച്ചാക്കി പോരാന്‍ അമ്മക്ക് ഇഷ്ടം ഇല്ലാതിരുന്നത് കൊണ്ടു
ഞാന്‍ തനിച്ചാണ് തിരിച്ചു പോന്നത്. ആദ്യമായി തനിച്ചു ഭക്ഷണം പാകം ചെയ്തു
കഴിക്കേണ്ട ആവശ്യം അങ്ങനെ ഉണ്ടായി. സായിപ്പിന്റെ നാട്ടിലെ ഹോട്ടല്‍ ഭക്ഷണം
കഴിച്ചാല്‍ ദിവസങ്ങള്‍ക്കകം നമ്മള്‍ തടിച്ചു കൊഴുക്കും. ചിക്കനോ ബീഫോ വയ്ക്കാത്ത സാന്ഡ്
വിച്ചു പോലും കിട്ടുകയില്ല അത് കൊണ്ടു
ഭക്ഷണം ഞാനും സുഹൃത്ത് ഡീനും കൂടി ഉണ്ടാക്കും. അവിടെ കിട്ടുന്ന പച്ചക്കറികള്‍
കൊണ്ടു അവിയലും സാമ്പാറും എല്ലാം ഉണ്ടാക്കി. മസാലപ്പൊടി പാക്കറ്റുകള്‍ ഇവിടെ
നിന്ന് കുറെ കൊണ്ടു പോയിരുന്നു അങ്ങനെയും
ആറുമാസം കഴിച്ചു കൂട്ടി. നല്ല ചിക്കന്‍ വാങ്ങി മസാല ചേര്‍ത്ത് ഉണ്ടാക്കി വച്ചാല്‍ നാലഞ്ചു ദിവസം കഴിക്കാം.
നല്ല ഫ്രിഡ്ജും ഉണ്ടായിരുന്നതു കൊണ്ടു. ശ്രീമതി എഴുതി വച്ച പാചകവിധി ഗ്യാസ്
സ്റ്റൌവിന്റെ കീഴില്‍ തന്നെ വച്ചിരുന്നു, അത്യാവശ്യം വന്നാല്‍ ഫോണില്‍ വിളിച്ചു
സംശയം തീര്‍ത്തുകൊണ്ടും ഇരുന്നു. വിദേശത്ത് ജോലിയ്ക്ക് വേണ്ടിയും പഠിക്കാനും
പോകുന്ന യുവസുഹൃത്തുക്കളോട് ആണായാലും പെണ്ണായാലും ഒരു വാക്ക്. നിങ്ങള്‍ പോകാന്‍
ശ്രമിക്കുന്നതിനോടൊപ്പം അത്യാവശ്യം ഭക്ഷണം ഉണ്ടാക്കാനും കൂടി പഠിക്കുക,അല്ലെങ്കില്‍ ചിലപ്പോള്‍ പട്ടിണി കിടക്കേണ്ടിവരും, പ്രത്യേകിച്ചും
സസ്യഭക്ഷണം മാത്രം കഴിച്ചു ശീലിച്ചവര്‍.
സൈപ്രസില്‍
നിന്ന് തിരിച്ചു വന്നപ്പോള്‍ ഒരു കൊച്ചുമോന്‍ ഭൂജാതനായി കഴിഞ്ഞിരുന്നു. ഞങ്ങളുടെ ആദ്യത്തെ
പേരക്കുട്ടി. ഇതിനിടയില്‍ മരുമകള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേത്രരോഗവിഭാഗത്തില്‍
പി.ജി.പ്രവേശനവും കിട്ടി. കുട്ടനെ അമ്മുമ്മയുടെ കൂടെ ആക്കി ഞാനും മകളും രാവിലെ 8 മണിക്ക് ഞങ്ങളുടെ ബോംബെയില്‍ നിന്നു
വാങ്ങിയ മാരുതി കാറില്‍ പുറപ്പെടും അയാളെ
മെഡിക്കല്‍ കോളേജില്‍ ഇറക്കിയ ശേഷം ഞാന്‍ എന്‍.ഐ.ടി.യിലേക്ക് പോകുമായിരുന്നു.
മരുമകള്‍ അയാളുടെ ജോലി കഴിയുമ്പോള്‍ തിരിച്ചു ബസ്സില്‍ പോരും,. ഞാന്‍ പതിവ് പോലെ 4 – 5 മണിക്ക് പുറപ്പെട്ടു വീട്ടില്‍ എത്തും. കൊച്ചുമകന്റെ
കളികള്‍ കണ്ടു സമയം പോകുന്നതറിയില്ലായിരുന്നു. പകല്‍ സമയം മുഴുവന്‍ അമ്മുമ്മയുടെ
കൂടെ, അമ്മ വരുന്ന സമയം ആയാല്‍ കുഞ്ഞു തയ്യാറായി നില്ക്കും
അമ്മ വന്നാല്‍ പിന്നെ മറ്റാരും വേണ്ട. അവധി ദിവസം അമ്മയ്ക്ക് കോളേജില്‍ പോകണം,
അപ്പോള്‍ അപ്പുപ്പനാ യിരുന്നു കളിക്കൂട്ട്. നമ്മള്‍ എല്ലാവരും
നമ്മുടെ കുട്ടികളെ താലോലിക്കുക എന്നത് ചെയ്തിട്ടേ ഉണ്ടാവില്ല. വല്ലപ്പോഴും വികൃതി
കാട്ടിയാല്‍ ശകാരിച്ചു കാണും . എന്നാല്‍ പേരക്കുട്ടികള്‍ ആകുമ്പോള്‍
കഥ മാറും. അവരുടെ കൂടെ കളിക്കാനും
ചിരിക്കാനും അവര്‍ക്ക് ആന കളിക്കാന്‍
നാലു കാലില്‍ നീന്താനും
എല്ലാം നമ്മള്‍ തയ്യാറായിരിക്കും, തീര്‍ച്ച.
ഇക്കാര്യത്തില്‍ അമ്മുമ്മമാരാണോ അപ്പുപ്പന്മാരാണോ കൂടുതല്‍ സന്തോഷിക്കുന്നത് എന്നതിലേ
തര്‍ക്കം ഉണ്ടാവാന്‍ വഴിയുള്ളു. അങ്ങനെ ഞങ്ങളുടെ ആദ്യത്തെ കൊച്ചു
മകന്‍റെ കൂടെ കഴിഞ്ഞ ധന്യമായ ദിനങ്ങള്‍ കൊഴിഞ്ഞു
വീണു കൊണ്ടിരുന്നു.
Comments
Post a Comment