106. ഞങ്ങളുടെ കൊച്ചു സൂര്യന്റെ , ഉണ്ണിക്കുട്ടന്റെ വികൃതികള്‍
ഞങ്ങളെപ്പോലെയുള്ള
സാധാരണ മനുഷ്യരുടെ ജീവിതത്തിലെ ഒരു ഘട്ടം ആണ് മുത്തച്ഛനും മുത്തശ്ശിയും ആവുക
എന്നത്. മാതാപിതാക്കള്‍ എന്ന നിലയില്‍ നമുക്ക് നമ്മുടെ കുട്ടികളെ കൂടുതല്‍
ശ്രദ്ധിക്കാനോ അവര്‍ക്ക് അര്‍ഹമായ സ്നേഹം പകര്‍ന്നു കൊടുക്കുവാനോ കഴിയാറില്ല. ‘ഉദരം മൂലം ബഹു വിധ
വേഷം’ എന്ന്
പറഞ്ഞത് പോലെ കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനും സുഖമായി കഴിയാന്‍ വേണ്ട തുണ്ടാക്കുവാനുള്ളപരക്കം
പാച്ചിലില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ അപൂര്‍വ്വം ആള്‍ക്കാര്‍ക്കു
മാത്രമേ കഴിയാറുള്ളൂ. എന്നാല്‍ കൊച്ചുമക്കള്‍ ഉണ്ടായാല്‍ അതൊന്നു വേറെ. ആവരുടെ ഓരോ
കാര്യങ്ങളും നമുക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നു.
അമ്മുമ്മയുടെ
പയ്യാരം കേട്ട് ചെല്ലക്കുട്ടിയായി വളര്‍ന്ന ഞങ്ങളുടെ കൊച്ചുമോന്റെ മിക്കവാറും ഓരോ
പ്രവര്‍ത്തികളും ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ ആദ്യത്തെ പേരക്കുട്ടി, മകന്റെ മകന്‍, മറ്റു
കുട്ടികളെപ്പോലെ തന്നെ ആയിരുന്നു എങ്കിലും ചില പ്രത്യേകതകള്‍ ഓര്‍മ വരുന്നതെഴുതട്ടെ.
അയാള്‍
അമ്മുമ്മയോടു വളരെ സ്നേഹമായാണ് ഇടപെട്ടിരുന്നത്, അവന്റെ പ്രായത്തില്‍ കൂടുതല്‍ പക്വതയോടെ, ശ്രദ്ധയോടെ.
രാവിലെ അമ്മയും അപ്പുപ്പനും പോയി കഴിഞ്ഞാല്‍ അമ്മുമ്മയുടെയും കൊച്ചുമകന്റെയും ലോകം
തന്നെ ആയിരുന്നു. കക്ഷി പകല്‍ തീരെ ഉറങ്ങാറില്ല. എപ്പോഴും എന്തെങ്കിലും ചെയ്തു
കൊണ്ടിരിക്കും, ഉച്ചയ്ക്ക് ഊണ് കഴിഞ്ഞു അമ്മുമ്മ കുറച്ചുനേരം
കിടക്കുമ്പോള്‍ അല്‍പ്പ നേരം കണ്ണടച്ചുകിടന്നാല്‍ അയാള്‍ അടുത്തു വന്നു
അമ്മുമ്മയുടെ കണ്‍പോളകള്‍ കുഞ്ഞു വിരലുകള്‍
കൊണ്ടു ഉയര്‍ത്തിനോക്കും, അമ്മുമ്മ ഉറങ്ങല്ലേ, എനിക്ക് പേടിയാവും എന്ന് പറഞ്ഞു കൊണ്ടു.
അയാളും
അമ്മുമ്മയുമായി ചിലപ്പോള്‍ ഞങ്ങളുടെ കോളനിയുടെ അതൃത്തിയിലുള്ള ഒരു ചെറിയ
പെട്ടിപ്പീടികയില്‍ പോകും. പ്രധാനമായും അയാള്‍ക്ക് വളരെ ഇഷ്ടമായ ഉപ്പേരി (കായവറുത്തത്
) വാങ്ങാന്‍ ആണ്. അവിടെ ഉണ്ടാക്കുന്ന ഉപ്പേരി ചൂടോടെ വാങ്ങാം, ഉപ്പേരി ഉണ്ടാക്കുന്നത് കാണുന്നതും
കൊച്ചുമോന് വളരെ രസകരമായിരുന്നു എന്ന് തോന്നുന്നു. പക്ഷെ പോകുമ്പോള്‍ പണം വച്ച
പഴ്സ് അയാളുടെ കയ്യില്‍ തന്നെ കൊടുക്കണം, അതു നിര്‍ബന്ധം
തന്നെ ആണ്. കടയില്‍ നിന്ന് സാധനം വാങ്ങി ബാക്കി വാങ്ങാനും മറ്റും വളരെ ഉത്സാഹം
ആയിരിക്കും അയാള്‍ക്ക്. പോകുന്ന വഴിയിലോ വരുന്ന വഴിയിലോ ഏതെങ്കിലും പ്രായമായ
സ്ത്രീകളെ കണ്ടാല്‍ അയാള്‍ ദൂരെ നിന്ന് തന്നെ വിളിക്കും “ അമ്മുമ്മേ “ എന്ന്.
ആരായാലും എത്ര തിരക്കാണെങ്കിലും ആ വിളി കേട്ടാല്‍ കുട്ടനോട് രണ്ടു വാക്ക് പറഞ്ഞേ
പോകുകയുള്ളൂ. പ്രായമായ സ്ത്രീകള്‍ എല്ലാം അവന്റെ അമ്മുമ്മ തന്നെ!
അല്‍പ്പം
'ഹൈപ്പര്‍ ആക്ടീവ്' ആയതു
കൊണ്ടു അയാള്‍ വീഴുന്നത് പതിവാണ്. എന്നാല്‍ അമ്മുമ്മ ഓടി ചെന്ന് “മോനെ നിനക്ക് വല്ലതും
പറ്റിയോ “ എന്ന്
ചോദിക്കുമ്പോള്‍ അയാളുടെ സ്ഥിരം മറുപടി “അമ്മുമ്മേ എനിക്കൊന്നും പറ്റിയില്ല, അമ്മുമ്മ വിഷമിക്കേണ്ട ” എന്നായിരിക്കും,
കാല്‍ മുട്ടില്‍ നിന്ന് രക്തം കിനിയുമ്പോഴായിരിക്കും അയാള്‍ ഇങ്ങനെ അമ്മുമ്മയെ
സമാധാനിപ്പിക്കുന്നത്.
ഇനി
അപ്പുപ്പന്റെ കൂടെ. ഞാന്‍ വീട്ടില്‍ എന്ത് പണി ചെയ്താലും അയാള്‍
ഉറങ്ങുകയല്ലെങ്കില്‍ എന്റെ കൂടെ ഉണ്ടാവും. ഞാന്‍ ഒരു സ്ക്രൂ ഡ്രൈവര്‍ എടുത്താല്‍
അയാള്‍ക്കും ചെറുതെങ്കിലും ഒന്ന് കൊടുത്തിരിക്കണം , തീര്‍ച്ച. കാറ് കഴുകാന്‍ തുടങ്ങുമ്പോള്‍ ഒരു കഷണം തുണി അയാള്‍ക്കും
കൊടുക്കണം, അല്ലെങ്കില്‍ അയാള്‍ പിണങ്ങും. കാറ് വൃത്തിയാക്കി
സൂക്ഷിക്കുന്നതില്‍ അയാളുടെ ശ്രദ്ധ ഒരിക്കല്‍ ഞങ്ങളുടെ വീട്ടില്‍ വന്ന അതിഥികളെ
ലജ്ജിപ്പിക്കുകതന്നെ ചെയ്തു.
എന്റെ
അനുജന്റെ മകള്‍ വിവാഹം കഴിഞ്ഞു ഭര്‍ത്താവുമായി ഞങ്ങളുടെ വീട്ടില്‍ ആദ്യമായി വന്ന
അവസരം . ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ “ മോനെവിടെ ” എന്നു
അമ്മുമ്മയുടെ ചോദ്യം കേട്ട് അയാളെ നോക്കിയപ്പോള്‍ കക്ഷി ഒരു തുണിഎടുത്തു വെള്ളം
മുക്കി വീട്ടില്‍ വന്നവരുടെ കാര്‍ വൃത്തിയാക്കുകയാണ്. ചെറുപ്പക്കാരല്ലെ, കാറില്‍ കുറെ അഴുക്ക് ഉണ്ടായിരുന്നു എന്നത് സത്യമായിരുന്നു എങ്കിലും
കുട്ടന്‍ മടി കൂടാതെ അവരുടെ കാറ് കഴുകുന്നത് കണ്ടു പാവം വീട്ടില്‍ ആദ്യമായി വന്ന
അതിഥികള്‍ ഇളിഭ്യരായിപ്പോയി. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയ്ക്കു പരിധികള്‍ ഇല്ലല്ലോ.
വീട്ടുകാരി
പതിവായി മത്സ്യം കൊണ്ട് വരുന്ന മുസ്തഫയുടെ കയ്യില്‍ നിന്ന് മത്സ്യം വാങ്ങുമ്പോള്‍
അയാള്‍ക്ക് അമ്മുമ്മയുടെ ഒക്കത്ത് തന്നെ ഇരുന്നു അയാളുടെ മത്സ്യക്കൊട്ടയിലെ വിവിധ
തരം മത്സ്യങ്ങള്‍ കാണണം.
കാറുകള്‍
അവന്റെ ഒരു ഭ്രമം ആയിരുന്നു. ഏകദേശം 200 മീറ്റര്‍ ദൂരത്തു നിന്ന് തന്നെ അയാള്‍ പറയും അപ്പുപ്പാ ഇന്‍ഡിക്ക
വരുന്നു. വിവിധ തരം കളിപ്പാട്ട കാറുകളുടെ ഒരു വന്‍ശേഖരം തന്നെ അയാളുടെ കയ്യില്‍
ഉണ്ടായിരുന്നു. കുറച്ചു കൂടി വലുതായപ്പോള്‍ താത്പര്യം ദിനോസറുകളില്‍ ആയി. ഞങ്ങളുടെ
അടുത്തുള്ള പ്ലാനറ്റെറിയത്തില്‍ പുറത്തു വച്ച ഒരു വലിയ ആനയെ ഞാന്‍ കാണിച്ചു
കൊടുത്തപ്പോള്‍ അയാള്‍ പറഞ്ഞു ‘ ഛെ ഈ അപ്പുപ്പനൊന്നും അറിഞ്ഞുകൂട, അത് ആനയല്ല, മാമത് ആണ് “ .
ശനിയാഴ്ച
ദിവസങ്ങളില്‍ അയാളുടെ അമ്മയ്ക്ക് കോളേജില്‍ പോകണം. രാവിലെ അമ്മുമ്മക്ക് വീട്ടിലെ
ജോലികള്‍ നോക്കണം, അപ്പോള്‍
കക്ഷി എന്റെ അടുത്തു കൂടും ,” അപ്പുപ്പാ നമുക്കൊന്ന് കറങ്ങാം “ എന്ന്
പറഞ്ഞുകൊണ്ടു. മഴക്കാലം ആണെങ്കില്‍ അടുത്തുള്ള ചെറിയ തോട്ടില്‍ നിന്ന് എന്റെ സഹായത്തോടെ
പൊടിമത്സ്യങ്ങളെ തോര്‍ത്ത് മുണ്ട് കൊണ്ടു കോരി പിടിച്ചു ഹോര്‍ലിക്സ്കുപ്പിയിലാക്കി
സ്വന്തം അക്വേറിയം ഉണ്ടാക്കാനും അയാള്‍ തയാറായിരുന്നു. പണ്ടു ഞങ്ങള്‍
കുട്ടനാട്ടില്‍ തെങ്ങോല കൊണ്ടുണ്ടാക്കുന്ന പന്തും കാറ്റാടിയും മറ്റും ഉണ്ടാക്കാനും
വെള്ളയ്ക്കായും ഈര്‍ക്കിലും കൊണ്ടു വണ്ടി (രഥം)യും പമ്പരവും ഉണ്ടാക്കാനും എല്ലാം
ഞങ്ങള്‍ സമയം കണ്ടെത്തിയിരുന്നു. അയാള്‍ ഇപ്പോള്‍
ഒരു പുരുഷ്നായി ,ഈ വരുന്ന ജൂണ്‍ മാസം കെയിംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നു ധനതത്വ ശാസ്ത്രത്തില്‍ ബിരുദം വാങ്ങുവാന്‍ തയ്യാറാവുന്നു. ഇതൊക്കെ അയാള്‍ ഓര്‍മ്മിക്കുന്നുണ്ടോ ആവോ.
Comments
Post a Comment