108. അഴിമതി നിരോധനം ആര്‍.ഈ.സി.യില്‍

 പുതിയ ഡയരക്ടര്‍ ചാര്‍ജെടുത്തു. മദിരാശി ഐ.ഐ.ടി.യില്‍ നിന്ന് വന്ന ഒരു പ്രൊഫസറായിരുന്നു കക്ഷി. അദ്ദേഹത്തിന്റെ ഭാര്യ കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപികയും. പതിവ് പോലെ ഡയറക്ടരുടെ തുടക്കം ഗംഭീരം തന്നെ ആയിരുന്നു പുതിയ ഉത്തരവാദിത്തങ്ങള്‍ അദ്ധ്യാപകരില്‍ നിന്നും ഗാലപ് പോളിലൂടെ ( വോട്ടിങ്ങില്‍ കൂടി ) തിരഞ്ഞെടുക്കും എന്ന് ഒരു പ്രഖ്യാപനവും, നല്ലത്.

അതിനിടയില്‍ ആണ് ഡിപ്പാര്‍ട്ടുമെന്റില്‍ ഒരു നോട്ടീസ് കണ്ടത്. എന്‍.ഐ.ടി.കള്‍ക്ക് വേണ്ടി മാത്രം  മാനവവിഭവ ശേഷി വികസന വകുപ്പില്‍ ഒരു വിജിലന്‍സ്ആഫീസര്‍ ഉണ്ടായിരുന്നു. അയാളുടെ കീഴില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഓരോ എന്‍.ഐ.ടി.യിലും ഓരോ വിജിലന്‍സ് ആഫീസറും. അങ്ങനെ കോഴിക്കോട് എന്‍.ഐ.ടി.യില്‍ ഏതെങ്കിലും രീതിയില്‍ അഴിമതി നടക്കുന്നുണ്ട് എങ്കില്‍ അത് കേന്ദ്ര വിജിലന്‍സ് ആഫീസറുടെ ശ്രദ്ധയില്‍ പെടുത്തുക എന്നതായിരുന്നു എന്‍.ഐ.ടിയിലെ വിജിലന്‍സ് ആഫീസറുടെ ജോലി. സ്ഥാപനത്തിലെ ദൈനംദിന ഭരണത്തില്‍ ഭാഗഭാക്കാകാത്ത ഒരാളെ ആയിരുന്നു നോമിനേറ്റു ചെയ്യേണ്ടിയിരുന്നത്. ഞാന്‍ അന്ന് ക്ലാസ് എടുക്കുകയല്ലാത്ത മറ്റു ഔദ്യോഗികസ്ഥാനം ഒന്നും വഹിക്കുന്നില്ലായിരുന്നു.

മേല്‍പ്പറഞ്ഞ നോട്ടീസ് അനുസരിച്ച് ഓരോ ഡിപ്പാരട്ടുമെന്‍റിലും  താല്പര്യം പ്രകടിപ്പിച്ച ആള്‍ക്കാരില്‍ നിന്ന് മെക്കാനിക്കല്‍ വകുപ്പിലെ താരതമ്യേന ജുണിയര്‍ ആയ ഒരു ലെക്ച്ചററുടെ (മലയാളിയല്ലാത്തയാള്‍, ഉത്തര പ്രദേശുകാരന്‍) പേര് ആണ് ഡയരക്ടര്‍ കേന്ദ്രത്തിലേക്ക് അയച്ചത്. എന്നാല്‍ ഒരാളിന്റെ പേര്‍ അല്ല, മൂന്നു പേരുടെ ഒരു പാനല്‍ ആണ് വേണ്ടത് എന്ന് പറഞ്ഞു അവര്‍ മടക്കി. എന്താണ് ഈ വിജിലന്‍സ് ആഫീസറുടെ ജോലി എന്ന് അന്നെനിക്ക് കാര്യമായി അറിവില്ല. ഇലക്ഷന്‍ കമ്മീഷന്റെ നിരീക്ഷകന്‍ എന്ന പോലെയുള്ള ഏതോ പണിയാണെന്ന് കരുതി ഞാനും പാനലിലേക്ക് പേര് കൊടുത്തു. അതു കഴിഞ്ഞാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ഭാഗമായ നിയമനം ആണെന്ന് മനസ്സിലായത്‌.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എല്ലാം വിജിലന്‍സ് കമ്മീഷന്റെ നിരീക്ഷണത്തിലാണ്. എന്‍.ഐ.ടി.കളും അങ്ങനെ വിജിലന്‍സിന്റെ വലയിൽ ആക്കിയിരുന്നു. അഴിമതി ഇല്ലാതാക്കാന്‍, ഉണ്ടായാല്‍ കണ്ടുപിടിച്ചു കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കാന്‍ ഉണ്ടാക്കിയ സ്ഥാപനം .1964 ലാണ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം തുടങ്ങിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് അഴിമതി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ കീഴില്‍ ഓരോ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ആഫീസര്‍മാര്‍  ഈ ശ്രുംഖലയുടെ ഭാഗമാകുന്നു.

കേന്ദ്രമാനവവിഭവശേഷിവികസനവകുപ്പിനു പ്രിന്‍സിപ്പല്‍ അയച്ച പാനലില്‍ എന്റെ പേരും ഉണ്ടായിരുന്നു. പാനലില്‍ ഉള്‍പ്പെട്ട വേറെ ഒരു പ്രൊഫസര്‍ അന്ന് ഡീന്‍ ആയിരുന്നു. അതു കൊണ്ടു എന്നെയാണ് നോമിനേറ്റു ചെയ്തത്. അതിന്റെ നിയമന ഉത്തരവ് എന്‍.ഐ.ടി. റജിസ്ട്രാര്‍ എനിക്ക് അയച്ചു തന്നു. അതില്‍ നിന്ന് ആരാണ് എന്നെ എന്‍.ഐ.ടി.യിലെ വിജിലന്‍സ് ആഫീസറായി നിയമിച്ചത് എന്ന് വ്യക്തമല്ലായിരുന്നു, അതുകൊണ്ടു ആരാണ് എന്നെ വിജിലന്‍സ്  ആഫീസറായി നിയമിച്ചത് എന്ന് വ്യക്തമാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു . അപ്പോള്‍ ആണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അറിഞ്ഞത്. കേന്ദ്രവിജിലന്‍സ് കമ്മീഷന്റെ അനുവാദത്തോടു കൂടി കേന്ദ്ര സര്‍ക്കാറിന്‍റെ  ചീഫ് വിജിലന്‍സ് ആഫീസര്‍ ( ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ) ആയിരുന്നു എന്നെ നിയമിച്ചത് എന്ന് എനിക്ക് വിവരം തന്നു.

എന്‍.ഐ.ടി.യിലെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായും ഡയറക്ടരുടെ നിയന്ത്രണത്തില്‍ ആയിരുന്നു, വലിയ തുകയുടെ തീരുമാനങ്ങള്‍ മാത്രം ഭരണ സമിതിയോ അതിന്റെ ഉപസമിതിയായ ഫിനാന്‍സ് കമ്മറ്റിയോ ആയിരിക്കും എടുക്കുന്നത്. അതുകൊണ്ടു വിജിലന്‍സ് സംബന്ധമായ വിവരങ്ങള്‍ ഡയറക്ടരെ അറിയിച്ചു മേലേക്ക് അയക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ട് വരും എന്ന് എനിക്ക് തോന്നി. അതു കൊണ്ടു ഞാന്‍ കേന്ദ്രവിജിലന്‍സ് ആഫീസര്‍ക്ക്‌ നേരിട്ട് റിപ്പോര്‍ട്ട് അയച്ചുകൊള്ളാന്‍ കേന്ദ്രത്തിലെ വിജിലന്‍സ്ആഫീസര്‍ എനിക്ക് അനുവാദം തന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷണരുടെ നിര്‍ദേശം അനുസരിച്ച് ആരെങ്കിലും അഴിമതി സംബന്ധിച്ച് പരാതി തന്നാല്‍ അവരുടെ പേര് വെളിപ്പെടുത്താതെ തന്നെ പ്രാഥമിക അന്വേഷണം നടത്തി വേണ്ട മേല്‍  നടപടിക്കു വേണ്ടി കുറ്റാന്വേഷണ ഏജന്സിയെ ഏല്‍പ്പിക്കാന്‍ എന്‍.ഐ.ടി. വിജിലന്‍സ് ആഫീസര്‍ക്ക്‌ അധികാരം ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി.

പൊതുവേ ഇത്തരം കാര്യങ്ങള്‍ പലര്‍ക്കും അറിയാന്‍ വയ്യാത്തതുകൊണ്ടു, കേന്ദ്ര സി.വി.സി.യുടെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്‍.ഐ.ടി.യുടെ വെബ്സൈറ്റില്‍ വിജിലന്‍സ് കോര്‍ണര്‍ എന്ന പേരില്‍ ഞാന്‍ ഉണ്ടാക്കി പ്രസിദ്ധീകരിച്ചു. അതില്‍ അഴിമതി സംബന്ധമായ ഏതു പരാതിയും വിജിലന്‍സ് ആഫീസര്‍ക്ക്‌ പേര് വച്ച് അയക്കാം എന്നും അപേക്ഷകന്‍ ആവശ്യപ്പെട്ടാല്‍ അയാളുടെ പേര് വെളിപ്പെടുത്തുകയില്ല എന്നും വ്യക്തമായി എഴുതിയിരുന്നു. പേരു വെക്കാത്ത പരാതികള്‍ സ്വീകാര്യമല്ല എന്നും വ്യക്തമാക്കിയിരുന്നു. വര്‍ഷത്തില്‍ ഒരാഴ്ച വിജിലന്‍സ് വാരം ആയി ആഘോഷിച്ച സമയത്ത് വിജിലന്‍സ് സംബന്ധമായ വിവരങ്ങള്‍ ജീവനക്കാരെ ബോധവാന്മാരാക്കാന്‍ വിദഗ്ദ്ധരെക്കൊണ്ട് ക്ലാസ് എടുപ്പിക്കുകയും ചെയ്തു.

പ്രധാനമായും കോളേജിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ആയിരുന്നു പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത. പോരാഞ്ഞു പുതിയ ഡയറക്ടര്‍മാര്‍  വരുമ്പോള്‍ അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ധാരാളം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ചില ടെണ്ടറുകള്‍ ഞാന്‍ പരിശോധനക്ക് ആവശ്യപ്പെട്ടു ആദ്യം അത് തരാന്‍ അധികാരികള്‍ മടിച്ചു എങ്കിലും ഞാന്‍ രേഖാമൂലം ആവശ്യപ്പെട്ടപ്പോള്‍ തരാതെ നിവൃത്തിയില്ലാതായി. അന്ന് ഡയറക്ടര്‍ക്ക് തീരുമാനം എടുക്കാവുന്ന പരമാവധി തുക പത്തു ലക്ഷം വരെ ആയിരുന്നു. എന്നാല്‍ അന്ന് നടന്ന പല റിപ്പെയര്‍ ജോലികളും നാല്‍പ്പതും അമ്പതും ലക്ഷത്തിന്റെതായിരുന്നു. ഒരേ കരാറുകാരന്‍ തന്നെ ഇത് പത്തു ലക്ഷത്തിന്റെ അകത്തുള്ള ജോലികളായി നാലോ അഞ്ചോ ടെണ്ടറായി മുറിച്ചു ചെയ്യുക ആയിരുന്നു എന്ന് ഞാന്‍ കണ്ടു. അതായത് ഉയര്‍ന്ന തുകയാകുമ്പോള്‍ ഫിനാന്‍സ് കമ്മറ്റിയുടെ അനുവാദത്തിനു വയ്ക്കാതെ ഡയറക്ടര്‍ക്കു തനിയെ തീരുമാനം എടുക്കാന്‍ കുറുക്കു വഴി കണ്ടെത്തിയതെന്നു ഞാന്‍ മനസ്സിലാക്കി. ഇത് ഒരു സാമ്പത്തിക ക്രമക്കേടായി തോന്നി, അവരുടെ വിശദീകരണം തേടി. പണി എളുപ്പം നടത്താന്‍ വേണ്ടി ആണെന്ന് മാത്രം ആയിരുന്നു വിശദീകരണം. അതത്ര തൃപ്തികരമല്ല എന്ന് കണ്ടു ഞാന്‍ കേന്ദ്ര വിജിലന്‍സ് ആഫീസര്‍ക്ക്‌ ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തു, ഡയറക്ടരെ അറിയിക്കാതെ. ഇത് അദ്ദേഹത്തിന് അത്ര പിടിച്ചില്ല. കാരണം വ്യക്തമാണല്ലോ, ഡയറക്ടര്‍ കൂടി ഉള്‍പെട്ട ഭരണസംവിധാനം നടത്തിയ ക്രമക്കേട് സ്വാഭാവികമായും അദ്ദേഹം തന്നെ മുമ്പോട്ട്‌ അയക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. അക്കാരണത്താല്‍. സി.ബി.ഐ.യിലെ ഒരു ഉദ്യോഗസ്ഥനോടും ഞാന്‍ ഇതിനെപ്പറ്റി ഫോണില്‍ സംസാരിച്ചു. അവര്‍ പറഞ്ഞത് സാറേ ഞങ്ങള്‍ക്ക് ചെറിയ തുകയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വേണ്ടി അയക്കാന്‍ വേണ്ടത്ര സ്റ്റാഫ് ഇല്ല, കോടികള്‍ ഉള്‍പ്പെട്ട കേസുകള്‍ വല്ലതും ഉണ്ടെങ്കില്‍ ഞങ്ങള്‍ അവിടെ വരാം . ഏതായാലും ഇങ്ങനെയുള്ള ചില പരിപാടികള്‍ കൊണ്ടു ഞാന്‍ ഡയറക്ടര്‍ക്ക് അനഭിമതനായി എന്ന ഒരു പ്രയോജനം മാത്രമേ ഉണ്ടായുള്ളൂ. ( തല്‍ഫലമായി കുറച്ചുനാള്‍ കഴിഞ്ഞു വിജിലന്‍സ്ആഫീസറെപ്പറ്റി ഒരു പരാതി ഡയറക്ടര്‍ തന്നെ സദയം എനിക്ക് അയക്കുകയും ചെയ്തു ) എന്റെ റിപ്പോര്‍ട്ടിന്‍മേല്‍ സിവിഓ യും സിബിഐ യും ഒന്നും ചെയ്തില്ല. കാര്യങ്ങള്‍ എല്ലാം മുറപോലെ നടന്നു കൊണ്ടിരുന്നു. പൊതുജന ങ്ങളുടെ പരാതികള്‍ കൂടിയതുകൊണ്ടു കുറെയേറെ നാള്‍ കഴിഞ്ഞാണ് എന്‍.ഐ.ടി.യിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര പൊതുമരാമത്തു വകുപ്പിനെ ഏല്പിച്ചത്. അതുകൊണ്ടു ആര്‍ക്കും ഗുണമുണ്ടായില്ല എന്ന് മാത്രമല്ല പണികള്‍ കൂടുതല്‍ താമസിച്ചു പൂര്‍ത്തിയാകുകയും ചെയ്തു. പൊതുവേ ന്നിര്‍മ്മാണത്തിന്റെ ഗുണനിലവാരവും കുറഞ്ഞു അത്ര തന്നെ.

ഇന്നും നമ്മുടെ നാട്ടില്‍ അഴിമതി നിരോധനം എന്ന് പറഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ എന്തെങ്കിലും വാങ്ങി കൊടുക്കാന്‍ അമ്പതോ നൂറോ രൂപ കൈക്കൂലി വാങ്ങുന്ന പ്യുണിനെ പിടിക്കാനാണ് ലക്ഷങ്ങളോ കോടികളോ വെട്ടിക്കുന്ന മന്ത്രിമാരും മേലധികാരികളും പിടിക്കാനല്ല, അവര്‍ സസുഖം വാഴുന്നു. പാവങ്ങള്‍ സസ്പെന്‍ഷനും ഡിസ്മിസ്സലും ആയി ജീവിതം തുലക്കുന്നു.


 

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും