109.ഡയരക്ടര്‍മാരുടെ കൂട്ട ഡിസ്മിസ്സലും എനിക്കൊരു പാരയും

 എന്‍ഐടികള്‍ അവയുടെ ബാലാരിഷ്ടതകള്‍ കഴിഞ്ഞു കൂടുതല്‍ ബലവത്തായി വളര്‍ന്നു. കോഴിക്കോട് എന്‍.ഐ.ടി. യില്‍ പുതിയ കെട്ടിടങ്ങളെക്കാള്‍ പഴയവയുടെ തകരാറുകള്‍ തീര്‍ക്കുകയായിരുന്നു ആദ്യ ലക്‌ഷ്യം എന്ന് തോന്നുന്നു. പുതിയ കെട്ടിടങ്ങള്‍ വരണമെങ്കില്‍ പുതിയ കോഴ്സുകള്‍ തുടങ്ങണം. അതിനു കാലതാമസം വരുമല്ലോ.

ആറീസിയില്‍ അന്ന് ഉണ്ടായിരുന്ന ഒരു ആഡിറ്റോറിയം വിവിധോദ്ദേശഹാളായാണ് ഉണ്ടാക്കിയത്. ഷട്ടില്‍ ബാഡ്മിന്ടന്‍ കളിക്കാനും പ്രധാനപെട്ട യോഗങ്ങള്‍ നടത്താനുള്ള സമ്മേളനഹാളായും മറ്റു പലതിനും ഇതില്‍ തികഞ്ഞ അപാകതകള്‍ ഉണ്ടായിരുന്നു. പിന്നെ ക്യാമ്പസിലെ മറ്റു കെട്ടിടങ്ങളെപ്പോലെ ചോര്‍ച്ചയും. ഇവിടെ വച്ചായിരുന്നു ചിന്മയാനന്ദ സ്വാമികള്‍ നിങ്ങളുടെ ഹാളില്‍ ഇന്ന് ഞാന്‍ പ്രസംഗിക്കുന്നത് നാളെയും കേള്‍ക്കാന്‍ കഴിയും , അതുകൊണ്ടു മൈക്ക് സ്വിച് ഓഫ്‌ ചെയ്യൂ. എന്നാവശ്യപ്പെട്ടത്. അതുകൊണ്ടു ആദ്യത്തെ ശ്രമം ശബ്ദനിയന്ത്രണം മെച്ചപ്പെടുത്താനും ചോര്‍ച്ച നിയന്ത്രിക്കാനും ആയിരുന്നു. ഏതാണ്ട് നാല്‍പ്പതു ലക്ഷം രൂപ മുടക്കിയാണ് ഇത് ചെയ്തത്. എത്രമാത്രം വിജയമായി എന്ന് പറഞ്ഞുകൂട എങ്കിലും കുറെയൊക്കെ മെച്ചപ്പെട്ടു എന്ന് പറയാം. അതുപോലെ ബി ഹോസ്റ്റലിലെ ചോര്‍ച്ച പ്രശ്നം മൂന്നാമത്തെ നിലക്ക് മുകളില്‍ ആസ്ബസ്ടോസ് ഷീറ്റ് കൊണ്ടു ഒരു മേല്‍ക്കൂരകൂടി ഉണ്ടാക്കിയാണ് പരിഹരിച്ചത്. അതിനും ഏകദേശം നാല്‍പ്പത്  ലക്ഷത്തോളം ചിലവായി എന്നാണോര്‍മ്മ. മൂന്നാമത്തെ മേജര്‍ പണി ആര്‍.ഈ.സി.കാന്റീന്‍ കെട്ടിടം വികസിപ്പിക്കല്‍ ആയിരുന്നു. താഴത്തെ നിലയില്‍ ഒരു വിങ്ങ് കൂടി ഉണ്ടാക്കി, മുകളിലത്തെ നിലയില്‍ അദ്ധ്യാപകര്‍ക്കോ വിശേഷാല്‍ അതിഥികള്‍ക്കോ ഭക്ഷണം കഴിക്കാനുള്ള  സൌകര്യവും ജോലിക്കാര്‍ക്ക് വിശ്രമിക്കാനുള്ള അത്യാവശ്യസൌകര്യവും ഉണ്ടാക്കി. ഇതിന്റെയെല്ലാം ടെണ്ടര്‍ ഞാന്‍ പരിശോധിച്ചിരുന്നത് കൊണ്ടാണ് ഇത്ര വിശദമായി ഓര്‍മിക്കുന്നത്‌.

കേന്ദ്രത്തില്‍ ഭരണം മാറി, എന്‍.ഡി.എ.മാറി യു.പി.എ ഭരണമായി. മാനവ ശേഷിവിഭവവികസനമന്ത്രിയും മാറി. പുതിയ സര്‍ക്കാര്‍ ആദ്യമായി ചെയ്ത പരിപാടികളില്‍ ഒന്ന് അന്നത്തെ എന്‍.ഐ.ടി. ഡയരക്ടര്‍മാരോടു സ്വയം രാജിവെച്ചു അവരവരുടെ പിതൃസ്ഥാപനങ്ങളിലേക്ക് പൊയ്ക്കൊള്ളാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെ പോകാത്തവരെ പുറത്താക്കും എന്ന ഭീഷണിയും ഉണ്ടായി എന്ന് കേട്ടു. രണ്ടു പേര്‍ രാജി വച്ച് തിരിച്ചു പോയി, എന്നാല്‍ മറ്റുള്ള 14 എന്‍.ഐ.ടി.കളിലെ ഡയറക്ടര്‍മാര്‍  രാജിവെക്കാന്‍ കൂട്ടാക്കിയില്ല. അതാ ഒരു വ്യാഴാഴ്ച ദിവസം വൈകുന്നേരത്തെ ഡല്‍ഹി വാര്‍ത്തയില്‍ കൂടി പ്രഖ്യാപനം എന്‍.ഐ.ടി. ഡയരക്ടര്‍മാരെ എല്ലാവരെയും പുറത്താക്കി അവര്‍ അതാത് കോളേജിലെ ഏറ്റവും സീനിയറായ പ്രൊഫസര്‍മാര്‍ക്ക് ഉടന്‍ തന്നെ ചാര്‍ജു കൈമാറണം എന്നായിരുന്നു ഭരണസമിതി ചെയര്‍മാന്മാര്‍ക്കുള്ള നിര്‍ദ്ദേശം. കാരണം വെറും സാങ്കേതികം മാത്രം. പാര്‍ലമെണ്ട്  പാസാക്കിയ നിയമം അനുസരിച്ച് എന്‍.ഐ.ടി.കള്‍ ഉണ്ടാക്കിയപ്പോള്‍ അതിന്റെ മേലദ്ധ്യക്ഷനായി പുതുതായി ഉണ്ടാക്കിയ ഡയരക്ടര്‍ തസ്തികക്ക് രാഷ്ട്രപതിയുടെ പ്രത്യേക അനുമതി വാങ്ങാതെ ആണ് നിയമനം നടന്നത്. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റംഎന്ന് പറഞ്ഞത് പോലെ അവരെ പുറത്താക്കാന്‍ ഒരു സാങ്കേതിക കാരണം കണ്ടെത്തുകയായിരുന്നു പുതിയ സര്‍ക്കാര്‍ എന്ന് വ്യക്തമായിരുന്നു.

ഏതായാലും കോഴിക്കോട് എന്‍.ഐ.ടി.യിലെ ഡയറക്ടര്‍ വെള്ളിയാഴ്ച കാലത്ത് തന്നെ ഏതോ കേസ് നടത്താനെന്നു പറഞ്ഞു പി.എ.യുമായി എറണാകുളത്തു ഹൈക്കോടതിയിലേക്ക് കാറില്‍ യാത്രയായി. രാത്രി വൈകിയേ തിരിച്ചെത്തിയുള്ളൂ. ശനിയാഴ്ചയും ഞായറാഴ്ചയും തിരുതകൃതിയായി ഫയലുകളും നോക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ബില്ലുകളും പാസാക്കി തിങ്കളാഴ്ച മാത്രമേ ചാര്‍ജു കൈമാറ്റം ചെയ്തുള്ളൂ. വിജിലന്‍സ് ആഫീസറെന്ന നിലയില്‍ ഞാന്‍ ഭരണസമിതി ചെയര്‍മാനുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു ഇങ്ങനെ ഒരു സന്ദേശം കിട്ടിയിട്ടില്ല എന്നാണറിഞ്ഞത്. കേന്ദ്ര സര്‍ക്കാരിന്റെ ഫാക്സ് വഴി കോളേജില്‍ എത്തിയ നിര്‍ദ്ദേശം ചെയര്‍മാന് മന:പൂര്‍വ്വം കൈമാറാന്‍ അമാന്തം കാണിച്ചതു കൊണ്ടാണോ അറിയില്ല.

തിങ്കളാഴ്ച ബിരുദാനന്തരബിരുദകോഴ്സുകള്‍ നടത്തുന്ന ഏതാനും വകുപ്പുകള്‍ സന്ദര്‍ശിക്കാന്‍ ഒരു കമ്മീഷന്‍ കോളേജു സന്ദര്‍ശിക്കാനായി  വരുന്നുണ്ടായിരുന്നു. ഡയറക്ടര്‍ എന്ന നിലയില്‍ അവരോടു സംസാരിച്ച ശേഷം ആണ് അദ്ദേഹം ചാര്‍ജു കൈമാറിയത്.ഇതിനിടയ്ക്ക് ഡയറക്ടറുടെ  പിഎ എന്നോടു അത്യാവശ്യമായി രാവിലെ എട്ടുമണിക്ക് മുമ്പായി കാണണം എന്ന് ഫോണില്‍ കൂടി ആവശ്യപ്പെട്ടു. ഞാന്‍ നഗരത്തില്‍ താമസിക്കുന്നതുകൊണ്ട്  എട്ടുമണി എന്നത് ചിലപ്പോള്‍ എട്ടരയാകുമെന്ന് സൂചിപ്പിച്ചു. ഏതായാലും ഞാന്‍ കോളേജിലെത്തിയപ്പോള്‍ കമ്മീഷന്‍ അംഗങ്ങൾ ഡയറക്‌ടറുടെ ആഫീസില്‍ എത്തിക്കഴിഞ്ഞു. അത് കൊണ്ടു ഞാന്‍ നേരെ ഡിപ്പാര്‍ട്ടുമെന്റിലെ എന്റെ ഓഫീസിലേക്ക് പോയി. ഞാന്‍ വൈകിയ വിവരം ഡയറക്ടരെ അറിയിക്കാന്‍ പി.എ.യോട് വിളിച്ചു പറഞ്ഞു. അടുത്ത പതിനഞ്ചു മിനിട്ടിനകം ഡയറക്ടരുടെ ആഫീസില്‍ നിന്ന് ഒരു കവറുമായി പ്യുണ്‍ എന്റെ അടുത്തു വന്നു എനിക്ക് തന്നു. അതില്‍ ഡയറക്ടര്‍ക്ക് കിട്ടിയ ഒരു ഊമക്കത്ത് വച്ചിരുന്നു. അതില്‍ അദ്ദേഹം എഴുതി വിജിലന്‍സ് ആഫീസര്‍ സത്വരമായി അന്വേഷിച്ചു വിവരം അറിയിക്കുക എന്ന് . ഊമക്കത്തിലെ വിവരം ഇതായിരുന്നു ഡോ. മോഹന്‍ദാസ്‌ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സെമസ്റ്റര്‍  ക്ലാസിന്റെ ഇടയ്ക്ക് വച്ച് അവധിയെടുത്തു കുട്ടികളെ ബുദ്ധിമുട്ടിലാക്കി. ഇയാള്‍ അങ്ങനെ ഉത്തരവാദിത്തബോധമില്ലാതെ പ്രവര്‍ത്തിച്ചു. അതിനുവേണ്ട ശിക്ഷ അയാള്‍ക്ക്‌ കൊടുക്കണം എന്നായിരുന്നു ഉള്ളടക്കം . എനിക്ക് ഇത് കണ്ടപ്പോള്‍ ചിരിക്കാനാണ് തോന്നിയത്. ഒന്നാമത് വിജിലന്‍സ് ആഫീസറെന്ന നിലയില്‍ ഊമക്കത്തുകള്‍ക്ക് മറുപടി കൊടുക്കേണ്ട കാര്യമില്ല. രണ്ടാമത് ഞാനെന്ന വ്യക്തിയെപറ്റി ഞാനെന്ന വിജിലന്‍സ് ആഫീസര്‍ക്ക്‌ പരാതി അയച്ചു കൊടുത്തതിന്റെ ഔചിത്യമില്ലായ്മയും.  

സംഗതി ശരിയാണ്. എന്റെ കണ്ണിന്റെ നേത്രപടലം വേര്‍പെട്ടു പോകാന്‍ സാധ്യതയുള്ള അടിയന്തിരമായ മെഡിക്കല്‍ പ്രശ്നം ഉണ്ടായപ്പോള്‍ എനിക്ക് അത്യാവശ്യമായി മെഡിക്കല്‍ അവധിയെടുക്കേണ്ടി വന്നു. ലേസര്‍ ചികിത്സ നടത്തിയ ഡോക്ടരുടെ സര്‍ട്ടിഫിക്കറ്റുമായി ഞാന്‍ മെഡിക്കല്‍ അവധിയുടെ നിബന്ധനകള്‍ കൃത്യമായി പാലിക്കുകയും ചെയ്തു. അവധി അനുവദിക്കുകയും ചെയ്തു. അതില്‍ എന്ത് ക്രമക്കേടും അഴിമതിയും ഉണ്ട് എന്നെനിക്കു മനസ്സിലായില്ല. എന്നാലും ഞാന്‍ ഉടന്‍ തന്നെ  മറുപടി എഴുതി കൊടുത്തു. അതില്‍ ഇങ്ങനെ വിജിലന്‍സ് നടപടി അനുസരിച്ച് ഊമക്കത്തുകള്‍ക്ക് മറുപടി കൊടുക്കാന്‍ ബാദ്ധ്യതയില്ല.എന്നാലും ഈ സംഭവം വിജിലന്‍സ് ആഫീസറായി പ്രവര്‍ത്തിക്കുന്ന ഡോ.കെ.പി. മോഹന്‍ദാസ്‌ എന്ന വ്യക്തിയെപ്പറ്റി ആയതു കൊണ്ടു അയാളില്‍ നിന്നും വിശദീകരണം വാങ്ങി വഴിയെ അയച്ചു കൊള്ളാം എഴുതി.

ചുരുക്കത്തില്‍ ഡയറക്ടര്‍ക്ക് എന്നോടുള്ള മുന്‍വൈരാഗ്യം തീര്‍ക്കാന്‍ ഒരു ഓലപ്പാമ്പിനെ എന്റെ അടുത്തേക്ക് വിട്ടു എന്ന് മാത്രം. പാവം ഈ കത്തിന്റെ കോപ്പി മാനവവിഭവശേഷിവികസനവകുപ്പിനും അദ്ദേഹം അയച്ചു കൊടുത്തിരുന്നു എന്ന് എനിക്ക് പിന്നീട് മനസ്സിലായി ശാന്തം പാപം, ഓരോരുത്തര്‍ക്ക് വ്യക്തിവിദ്വേഷം മൂലം എത്രമാത്രം അധ:പതിക്കാം എന്നതിനു നല്ലൊരു  ഉദാഹരണം ആയല്ലോ എന്ന് ഞാന്‍ ചിന്തിച്ചു പോയി !! .

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും