110.പുതിയ ഡയരക്ടറും ഡീന്‍ ആകലും പുതിയ കോര്‍സുകളും
ആര്‍.ഈ.സി. എന്‍.ഐ.ടി ആയിക്കഴിഞ്ഞതിന് ശേഷം കരാര്‍ വ്യവസ്ഥയില്‍ നിയമിതനായ ആദ്യത്തെ ഡയറക്ടര്‍ പെട്ടെന്നൊരു ദിവസം കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനപ്രകാരം പുറത്താക്കപ്പെട്ടു. ഒന്നും രണ്ടുമല്ല രാജ്യത്തിലെ എല്ലാ എന്‍.ഐ.ടി.കളിലും അതാതു സ്ഥാപനങ്ങളിലെ ഏറ്റവും സീനിയറായ പ്രൊഫസര്‍മാരായിരുന്നു താല്‍ക്കാലിക ഡയറക്ടര്‍മാരായത്. കോഴിക്കോട് എന്‍.ഐ.ടി.യില്‍ സിവില്‍ വിഭാഗത്തിലെ എന്റെ സുഹൃത്തായ ഒരു പ്രൊഫസറായിരുന്നു ഡയരക്ടറായത്. എണ്പതുകള്‍ മുതലേ ഞങ്ങള്‍ തമ്മില്‍ പല അക്കാഡമിക് കാര്യങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിച്ചു വരുകയായിരുന്നു. ആദ്യമായി ആര്‍.ഈ.സി.യില്‍ രണ്ടു വകുപ്പുകള്‍ സഹകരിച്ചു ഒരേ സമയം രണ്ടു സമ്മര്‍ സ്കൂളുകള്‍ വളരെ വിജയകരമായി ഞങ്ങള്‍ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ഗവേഷണതാല്പര്യങ്ങളും എന്റെതും തമ്മില്‍ ചില സാമ്യങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പി.എച്.ഡി.വിദ്യാര്‍ഥികളുടെ ഡോക്ടറല്‍കമ്മറ്റികളില്‍ പലതിലും ഞാനംഗമായിരുന്നു.
അദ്ദേഹം
ചാര്‍ജെടുത്തു കഴിഞ്ഞാണ് ആദ്യത്തെ ഡയരക്ടര്‍ നിയമിച്ച ഡീന്മാരുടെ കാലാവധി
കഴിഞ്ഞത്. പുറത്താക്കപ്പെട്ട ഡയരക്ടര്‍ പുതിയ ഡീന്‍മാരെ നിയമിക്കാന്‍ പ്രാഥമിക
നടപടികള്‍ തുടങ്ങിയിരുന്നു. അദ്ദേഹം പറഞ്ഞ ഗാലപ് പോളില്‍ കൂടി ആള്‍ക്കാരുടെ
അഭിപ്രായം അറിയിക്കാന്‍ നോട്ടീസ് ഇട്ടിരുന്നു എന്നാണു എന്റെ ഓര്‍മ്മ. അതനുസരിച്ച്
എന്റെ ഡിപ്പാര്‍ട്ടുമെന്റിലെ താരതമ്യേന ജുണിയറായ ആയ ഒരു പ്രൊഫസര്‍ ഡീന്‍ ആകാന്‍
വേണ്ടി മറ്റുള്ളവരുടെ വോട്ടു ചോദിച്ചു നടക്കുന്നു എന്നും ആരോ പറഞ്ഞു കേട്ടിരുന്നു.
വകുപ്പ് തലവന്മാരായി പ്രവര്‍ത്തിച്ചു ഭരണപരമായ പരിചയം ഉള്ള പ്രൊഫസര്‍മാരില്‍
ഒരാളായ എന്നെ പി ജി &
റിസര്‍ച് ഡീനാക്കാന്‍ സാദ്ധ്യതയുണ്ട് എന്ന് കേട്ടിരുന്നു. കഴിഞ്ഞ ലക്കത്തില്‍
പറഞ്ഞ എന്റെ “ഉത്തരവാദിത്തമില്ലായ്മയെ” പറ്റിയുള്ള ഊമക്കത്ത് എന്റെ ഈ സാദ്ധ്യത
ഇല്ലാതാക്കാനുള്ള കുത്സിതശ്രമത്തിന്റെ ഭാഗമായിരുന്നോ എന്ന് എനിക്ക് സംശയം
തോന്നിയിരുന്നു.
ഏതായാലും
പുതിയ ഡയറക്ടര്‍ (ഇന്‍ ചാര്‍ജു) എന്നെ വിളിച്ചു “താങ്കള്‍ വെറുതെ വിജിലന്‍സില്‍ ആഫീസറായി ഇരുന്നു പോലീസ് ജോലി ചെയ്യേണ്ട ആളല്ല, താങ്കള്‍ക്ക് എന്‍.ഐടിറ്റി.യിലെ
അക്കാഡമിക് കാര്യങ്ങളില്‍ പലതും ചെയ്യാന്‍ കഴിയും, കഴിയണം . അതു കൊണ്ട് നിങ്ങളെ പി.ജി.ഡീന്‍
ആകാന്‍ ക്ഷണിക്കുന്നു “ എന്ന് പറഞ്ഞു. കിട്ടിയ
അവധി റദ്ദാക്കി ടര്‍ക്കിയില്‍ നിന്ന് ഞാന്‍ തിരിച്ചു വന്നപ്പോള്‍ എന്ത് ചെയ്യണമെന്നു
ആഗ്രഹിച്ചുവോ അതിനു വൈകിയവേളയിലെങ്കിലും അവസരം കിട്ടിയതിനു ദൈവത്തിനു നന്ദി
പറഞ്ഞുകൊണ്ടു ബിരുദാന്തരബിരുദ കോഴ്സുകളുടെയും ഗവേഷണ സംബന്ധമായ കാര്യങ്ങളും
നോക്കുന്ന എന്‍.ഐ.ടി.യിലെ രണ്ടാമത്തെ അക്കാഡമിക് ഡീന്‍ ( Dean Post Graduate Studies and Research : PGS&R ) ആയി ഞാന്‍ ചാര്‍ജെടുത്തു.
വിജിലന്‍സ് ആഫീസറായി എനിക്ക് തനിച്ചൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ഉറപ്പായിരുന്നു.
അന്ന് എന്‍.ഐ.ടി.യില്‍ കുറെ നാളുകളായി പുതിയ കോഴ്സുകള്‍ ഒന്നും
തുടങ്ങിയിരുന്നില്ല. അതുകൊണ്ടു ആദ്യത്തെ ശ്രമം പുതിയ കോഴ്സുകള്‍ കൊണ്ടുവരാന്‍
ആയിരുന്നു. പ്രധാനപ്പെട്ട വകുപ്പുകളായ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍
വകുപ്പുകളില്‍ അന്ന് രണ്ടു വീതം പി.ജി.കോഴ്സുകള്‍ ആണ് ഉണ്ടായിരുന്നത്.
ഇലകട്രോണിക്സിലും കമ്പ്യൂട്ടര്‍ സയന്‍സിലും ഓരോന്നും. എല്ലാ ഡിപ്പാര്‍ട്ടുമെന്‍റിലും
പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ ഡയറക്ടരുടെ നിര്‍ദ്ദേശം അനുസരിച്ച് ഞാന്‍ ശ്രമങ്ങള്‍
തുടങ്ങി. അതോടൊപ്പം സയന്‍സ് വകുപ്പുകളിലും എം.എസ്സി.കോര്‍സുകള്‍ തുടങ്ങാനും
പദ്ധതിയിട്ടു. ഇതോടൊപ്പം തന്നെ വിവിധ കോഴ്സുകളുടെ നിയമാവലികള്‍ (Ordinance and Regulations) വിശദമായി പഠിച്ചു
പുതുക്കാനും ശ്രമങ്ങള്‍ തുടങ്ങി. അതുവരെ ഉണ്ടായിരുന്നത് ഏതോ ഐ.ഐ.ടി.യിലെ നിയമാവലി
പൂര്‍ണമായി പകര്‍ത്തിയതായിരുന്നു.
ആര്‍.ഈ.സി.ആയിരുന്നപ്പോള്‍
സിവില്‍ ഇലക്ട്രിക്കല്‍ വിഭാഗങ്ങളില്‍ ഗവേഷണത്തിനു ഒന്നോ രണ്ടോ സ്കോളര്‍ഷിപ്പ്
മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്‍.ഐ.ടി.ആയപ്പോള്‍ ഗവേഷണത്തിന് കൂടുതല്‍ പരിഗണന
കൊടുക്കുന്നതിനു എല്ലാ ഡിപ്പാര്‍ട്ട്മെന്ടുകളിലും അവശ്യം വേണ്ടത്ര ഗവേഷണ സ്കോളര്‍ഷിപ്പ്
കൊടുക്കുവാനും ഡയറക്ടരുടെ ശ്രമഫലമായി കഴിഞ്ഞു. ഗവേഷണം നയിക്കാന്‍ പ്രാപ്തരായ
എല്ലാവരെയും ഉത്സാഹിപ്പിച്ചു കൂടുതല്‍ ഗവേഷണവിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. എല്ലാ ഗവേഷണ വിദ്യാര്‍ത്ഥിക്കും
പ്രത്യേകം ഡോക്ടറല്‍ കമ്മറ്റികള്‍ ഉണ്ടാക്കി പതിവായി മീറ്റിങ്ങുകള്‍ കൂടി ഗവേഷണ
വിദ്യാര്‍ഥികളുടെ പുരോഗതി മനസ്സിലാക്കി വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുവാനും കഴിഞ്ഞു. കര്‍ശമായി ഇത്തരം എല്ലാ
മീറ്റിങ്ങുകളിലും ഡീന്‍ എന്ന നിലയില്‍ ഞാന്‍ മുടങ്ങാതെ പങ്കെടുത്തു വന്നു. വര്‍ഷങ്ങള്‍ പാര്‍ട്ട് ടൈമായി ഗവേഷണ
വിദ്യാര്‍ത്ഥികളായി തുടര്‍ന്നിട്ടും കാര്യമായ
പുരോഗതി ഒന്നും കാട്ടാത്ത ഗവേഷകരെ
നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
പുതിയ കോര്‍സുകള്‍
ഒരു ഉന്നതവിദ്യാഭ്യാസ
സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പുതിയതായി തുടങ്ങുന്ന കോഴ്സുകള്‍ക്ക് വളരെയധികം
പ്രാധാന്യം ഉണ്ടെന്നു പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ലല്ലോ. പുതിയ കോഴ്സുകള്‍ തുടങ്ങുമ്പോള്‍
അധ്യാപകര്‍ക്കും മറ്റുള്ള ജീവനക്കാര്‍ക്കും സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങള്‍ കൂടുന്നു, പുതിയ കെട്ടിടങ്ങളും
പരീക്ഷണശാലകളും മറ്റും ഉണ്ടാകുമ്പോള്‍ സ്ഥാപനത്തിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു, ഇതിനെല്ലാമുപരി പുതിയ
വെല്ലുവിളികള്‍ ഏറ്റെടുക്കുന്നത് വഴി എല്ലാവര്‍ക്കും അവസരത്തിനൊത്തുയരുവാനും
കഴിയുന്നു. പുതിയ കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍
സ്വാഭാവികം ആയിരുന്നു.
പൊതുവേ
പുതിയ കോഴ്സുകള്‍ തുടങ്ങാനുള്ള പരിപാടി വകുപ്പുകളില്‍ ചര്‍ച്ചചെയ്തു രൂപരേഖയുണ്ടാക്കിയ
ശേഷം ബി.പി.ജി.എസ്.(Board for Post
Graduate Studies) ഇല്‍ ചര്‍ച്ച ചെയ്ത ശേഷം ആണ് അംഗീകരിച്ചിരുന്നത്. വിശദമായി പഠനപദ്ധതിയും സിലബസും
ചര്‍ച്ച ചെയ്തു അംഗീകരിക്കുന്നു. അവസാനമാണ് സെനറ്റില്‍ അംഗീകാരത്തിനു
വയ്ക്കാറുള്ളത്.
കൂടുതല്‍
പുതിയ കോഴ്സുകള്‍ക്ക് ഞങ്ങള്‍ ആദ്യം പദ്ധതിയിട്ടത് ബിരുദാനന്തര ബിരുദങ്ങള്‍ക്കായിരുന്നു.
എഞ്ചിനീയറിങ്ങ് വകുപ്പുകള്‍ അവരവരുടെ
അദ്ധ്യാപകരുടെ വൈദഗ്ദ്ധ്യം അനുസരിച്ചും അതാതു മേഖലയില്‍ വരുന്ന നൂതന പ്രവണതകള്‍
അനുസരിച്ചും ആണ് പദ്ധതികള്‍ തയാറാക്കിയത്. അതില്‍ വലിയ അഭിപ്രായ വ്യത്യാസം
ഇല്ലാതിരുന്നത് കൊണ്ടു സമന്വയം എളുപ്പമായിരുന്നു. എന്നാല്‍ സയന്‍സ് വകുപ്പുകളില്‍
പുതിയ കോഴ്സുകള്‍ തുടങ്ങുന്നതില്‍ കുറച്ചു വിഷമം ഉണ്ടായി. ഒന്നാമത് ഡയറക്ടരുടെയും
എന്റെയും വ്യക്തിപരമായ അഭിപ്രായത്തില്‍ വര്‍ഷങ്ങളായി കേരളത്തിലെ കോഴിക്കോട്, കേരള, എം.ജി.യൂണിവേര്‍സിറ്റികളില്‍
ഉള്ള മാതിരി എം.എസ്സ്സി.കോഴ്സുകള്‍ എന്‍.ഐ.ടി.യിലും തുടങ്ങുന്നത് അര്‍ത്ഥമില്ലാത്ത
കാര്യമായി തോന്നി. എന്‍.ഐ.ടി.യിലെ കോഴ്സുകള്‍ക്ക് തനതായ വ്യക്തിത്വം
ഉള്ളവയായിരിക്കണം എന്ന് ഞാനും മറ്റു കുറെ അദ്ധ്യാപകരും നിര്‍ബന്ധിച്ചു. രണ്ടു വര്‍ഷത്തെ
കോഴ്സിനു പകരം മൂന്നു വര്‍ഷം കൊണ്ടു തീരുന്ന എം.എസ്.സി.(ടെക്) കോഴ്സുകളാണ്
അഭികാമ്യം എന്ന് തീരുമാനമായി. ഐ.ഐ.ടി.കളില്‍ 6 വര്‍ഷത്തെ ഏകോപിതകോഴ്സുകള്‍ (Integrated MSc Tech) ഉള്ളത് പോലെ. എന്നാല്‍ സയന്‍സ്ഡിപ്പാര്ട്ടുമെന്റുകളിലെ
ചില അദ്ധ്യാപകര്‍ക്ക് , പ്രത്യേകിച്ചും വര്‍ഷങ്ങളായി,
പഴയ രീതിയില്‍ ഉള്ള ഊര്‍ജതന്ത്രവും രസതന്ത്രവും മാത്രം പഠിപ്പിച്ചു
കൊണ്ടിരുന്ന അദ്ധ്യാപകര്‍ക്ക് ഇതില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. തങ്ങള്‍ക്ക്
പരിചയം കുറവായ മേഖലയില്‍ ആകുമ്പോള്‍ കൂടുതല്‍ വിഷയങ്ങള്‍ പഠിച്ചു പഠിപ്പിക്കേണ്ട
ആവശ്യം ഉണ്ടാകും എന്ന ഹ്രസ്വദൃഷ്ടി ആയിരുന്നു ഇതിനു കാരണം. ഇത്തരം എതിര്‍പ്പുകള്‍ ഞങ്ങള്‍
സെനറ്റ് ചര്‍ച്ചയില്‍ നേരിട്ടു . മാത്തമാറ്റിക്സ് വകുപ്പില്‍ ഈ പ്രശ്നം ഉണ്ടായില്ല, കാരണം അവിടത്തെ അദ്ധ്യാപകര്‍
എഞ്ചിനീയറിംഗ് മാത്തമാറ്റിക്സ് വര്‍ഷങ്ങളായി പഠിപ്പിച്ചു കൊണ്ടിരിക്കുന്നവരായിരുന്നല്ലോ.
ചുരുക്കത്തില്‍ ഊര്‍ജതന്ത്രവിഭാഗത്തില്‍ മെറ്റീരിയല്‍ സയന്‍സിലും
രസതന്ത്രവകുപ്പില്‍ പോളിമര്‍ സയന്‍സിലും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കോഴ്സുകളാണ്
തുടങ്ങാന്‍ തീരുമാനിച്ചത്. കാലക്രമത്തില്‍ ഇത് മറ്റു കോളേജുകളിലെ എം.എസ്.സി.കോഴ്സ്
പോലെ ആക്കിത്തീര്‍ത്തു എന്ന് കേള്‍ക്കുന്നു.
അത് മറ്റൊരു വിധി വിപര്യയം !!ഏതായാലും ഞാന്‍ ഡീനായിരുന്ന മൂന്നു വര്‍ഷം കൊണ്ടു
എന്റെ മേലധികാരികളായിരുന്ന രണ്ടു ഡയറക്ടര്‍മാരുടെ ഉപദേശത്തോടെയും മറ്റു സഹപ്രവര്‍ത്തകരുടെ
പൂര്‍ണസഹകരണത്തോടെയും എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ എല്ലാം ഓരോ പുതിയ
എം.ടെക്. പ്രോഗ്രാമുകളും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകളില്‍ എം.എസ്.സി
(ടെക്) കോഴ്സുകളും തുടങ്ങാന്‍ കഴിഞ്ഞു .
Comments
Post a Comment