112. ഭരണത്തിലിരിക്കുന്നവരുടെ പരിമിതികളും സഹപ്രവര്‍ത്തകന്റെ വാശിയും

 അക്കാഡമിക്കോ അല്ലാതെയോ ഒരു വകുപ്പിന്റെ ഭരണനേതൃത്വം വഹിക്കുന്ന ഒരാള്‍ക്ക്‌ പലപ്പോഴും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ചില സഹപ്രവര്‍ത്തകരെ നിയന്ത്രിക്കാനുള്ള വൈഷമ്യങ്ങളും കൂടി പറഞ്ഞുകൊള്ളട്ടെ. ഭരണ സാരഥ്യം വഹിക്കുന്ന ഒരാള്‍ക്ക് നിയമങ്ങള്‍ അവ എത്ര ശരിയായാലും അല്ലെങ്കിലും അനുസരിച്ചേ മതിയാവൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമ്മുടെ ചില രാഷ്ട്രീയ നേതാക്കന്മാരെപ്പോലെ ഞങ്ങള്‍ നിയമം ഉണ്ടാക്കും ജനങ്ങള്‍ക്ക്‌ വേണ്ടി, പക്ഷെ അത് അനുസരിക്കേണ്ടത് നിങ്ങളുടെ കടമ, ഞങ്ങള്‍ക്ക് ഞങ്ങള്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ സൌകര്യപൂര്‍വ്വം മറക്കാനും അനുസരിക്കാനും അധികാരമുണ്ട്‌ എന്ന മനോഭാവം തികച്ചും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ജീവിതത്തില്‍ മുറുകെ പിടിക്കുന്ന തത്വങ്ങളില്‍ ഒന്നാണിത്. സമയനിഷ്ഠ പോലെ മറ്റൊരു വിശ്വാസം .

എന്‍.ഐ.ടി.യില്‍ പി.ജി.ഡീന്‍ ആയിരുന്നപ്പോള്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അത് എന്റെ സഹപ്രവര്‍ത്തകനായിരുന്ന ഒരാളിന് തീരെ സഹിക്കുന്നുണ്ടായിരുന്നില്ല. അയാള്‍ ഞാനദ്ധ്യക്ഷനായ പി.ജി.ബോര്‍ഡുമീറ്റിങ്ങുകളില്‍ ഇത്തരം വിഷയങ്ങളെപ്പറ്റി വാതോരാതെ പ്രസംഗിച്ചു മറ്റു കാര്യങ്ങളിലെ ചര്‍ച്ച തടസ്സപ്പെടുത്തുമായിരുന്നു. ഉദാഹരണമായി കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റില്‍ നിന്ന് ഓരോ മാസവും നിശ്ചിത തുക എം.ടെക് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പായി നല്‍കിയിരുന്നു. ആദ്യത്തെ സെമസ്റ്ററിനു ശേഷം ഈ സ്കോളര്‍ഷിപ്പ്‌ പുതുക്കുന്നതിന് ചില നിബന്ധനകള്‍ ഈ സ്കോളര്‍ഷിപ്പിന്റെ നിയമാവലികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് സ്കോളര്‍ഷിപ്പ്‌ രണ്ടാമത്തെ സെമസ്റ്ററില്‍ കിട്ടണമെങ്കില്‍ ആദ്യത്തെ സെമസ്റ്ററില്‍ പരീക്ഷയില്‍ നിശ്ചിത ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം എന്നതായിരുന്നു ഇതിലൊന്ന്. ക്രെഡിറ്റ് സമ്പ്രദായം ആകുമ്പോള്‍ മാര്‍ക്കിനു പകരം ശരാശരി ഗ്രെയിഡ പോയിന്റ് (GPA) ആയി 6.5/10 കിട്ടിയിരിക്കണമെന്നാണ് വ്യവസ്ഥ. എന്‍.ഐ.ടി.യില്‍ GPA രണ്ടു ദശാംശസ്ഥാനം വരെ കൃത്യമായി കണക്കാക്കിയാണ് റിസള്‍ട്ട് പ്രഖ്യാപിക്കുന്നത്. 6.50 നു പകരം 6.45 ആയാല്‍ പോലും സ്കോളര്‍ഷിപ്പ്‌ തടഞ്ഞു വെക്കണം. ഇത് യുക്തിക്ക് നിരക്കുന്നതാണോ എന്നു നോക്കിയിട്ട് കാര്യമില്ല. 6.50/10 അങ്ങനെ തന്നെ നോക്കിയേ കഴിയൂ എന്നായിരുന്നു എന്റെയും ഭരണത്തില്‍ ഉള്ളവരുടെയും നിലപാട്. എന്നാല്‍ നമ്മുടെ മേല്‍പ്പറഞ്ഞ സഹപ്രവര്‍ത്തകന് ഇത്തരം 6.40, 6.20 എന്നിങ്ങനെ GPA കിട്ടിയ ഒന്ന് രണ്ടു കുട്ടികളുടെ സഹായത്തിനെത്തി. അവര്‍ക്ക്സ്കോളര്‍ഷിപ്പ്‌ കൊടുക്കാതിരിക്കുന്നത് അനീതിയാണ്,  മനുഷ്യത്വരഹിതമാണ് എന്നൊക്കെ വാദിച്ചു ഞാന്‍ പറഞ്ഞു ഭരണനേതൃത്വം വഹിക്കുന്ന ആളെന്ന നിലയില്‍ എനിക്ക് എഴുതിവച്ച നിയമം പാലിക്കാതെ നിവൃത്തിയില്ല, ഈ നിയമം ഈ രീതിയില്‍ പാലിക്കാനേ എനിക്ക് കഴിയൂ, ഡയറക്ടരോ മറ്റു മേലധികാരികളോ 6.5 നു പകരം 6.2 നു മുകളില്‍ ഉള്ള എല്ലാവര്‍ക്കും സ്കോളര്‍ഷിപ്പ്‌ കൊടുക്കാം എന്ന് എഴുതി തന്നാല്‍ സന്തോഷപൂര്‍വം അനുസരിക്കാം എന്ന് പറഞ്ഞു. എന്നാല്‍ അദ്ദേഹം ഈ വിവരം മേലധികാരികളോട് ചര്‍ച്ച ചെയ്യുക പോലും ചെയ്യാതെ സ്ഥിരമായി എന്റെ മീറ്റിങ്ങുകളില്‍ ശല്യപ്പെടുത്തികൊണ്ടിരുന്നു. ക്ഷമകെട്ടു ഞാന്‍ അയാളോട് അല്‍പ്പം പരുഷമായി സംസാരിക്കേണ്ടി വന്നു. അയാള്‍ ദ്വേഷ്യപ്പെട്ടു മീറ്റിങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി. അയാളെ മീറ്റിങ്ങില്‍ നിന്ന് ഞാന്‍ പുറത്താക്കിയെന്നു ഡയറക്ടരുടെ അടുത്തു ചെന്ന് പരാതിയും ബോധിപ്പിച്ചു. ഏതായാലും ഡയറക്ടര്‍ക്ക് അയാളെയും എന്നെയും നല്ലത് പോലെ അറിയാവുന്നതായിരുന്നത് കൊണ്ടു ഒന്നും സംഭവിച്ചില്ല. ചിലര്‍ അങ്ങനെയാണ്, അവര്‍ക്ക് നിയമങ്ങളെക്കാള്‍ പ്രധാനം യുക്തിയും അനുകമ്പയുമാണ്‌. സാര്‍ മനുഷ്യത്വം കാണിക്കുന്നില്ല എന്ന് പരസ്യമായ പ്രതികരണവും പ്രസംഗവും കുട്ടികളുടെ ഇടയിലും മറ്റദ്ധ്യാപകരുടെ ഇടയിലും എന്നെ കര്‍ക്കശക്കാരനായ മനുഷ്യത്വം ഇല്ലാത്തവനായി ചിത്രീകരിക്കാന്‍ അയാള്‍ ഉപയോഗിച്ചു ലോകത്തില്‍ എന്നെപ്പോലെ ഒരു മനുഷ്യസ്നേഹിയും ഇല്ല എന്ന് സ്വയം പ്രചരിപ്പിച്ചു നടക്കുകയും ചെയ്തു.

കുറെ നാള്‍ അദ്ദേഹം എന്നോടു ശരിക്കും ഒരു ശത്രുതാമനോഭാവം തന്നെ വച്ച് പുലര്‍ത്തിയിരുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു സ്കൂട്ടര്‍ അപകടത്തില്‍ പെട്ട് മുറിവ് പറ്റി നഗരത്തിലെ ഒരു പ്രൈവറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ അവിടെ എത്തിയ എന്നെയും ഭാര്യയേയും കാണാന്‍ കൂട്ടാക്കാതെ മുറിയില്‍ നിന്നു പുറത്താക്കാന്‍ വരെ അയാള്‍ കൂടെ ഉള്ളവരോട് ആവശ്യപ്പെട്ടു എന്നത് സത്യമാണ്. എന്റെ ഭാര്യ ഇത് കണ്ടു വിഷമിച്ചു, അയാള്‍ക്ക്‌ ഇതിനു കാരണം മനസ്സിലാക്കി കൊടുക്കുവാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടി. പണസംബന്ധമായ നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ നിയമം വളച്ചൊടിക്കാന്‍ ഭരിക്കുന്നവര്‍ക്ക് കഴിയില്ല എന്നയാള്‍ക്ക് മനസ്സിലായിട്ടില്ല വിവരദോഷത്തിനു മരുന്നില്ല എന്ന് ഞാന്‍ സമാധാനിച്ചു.പിന്നീട് അദ്ദേഹത്തിന്റെ 'മനുഷ്യസ്നേഹത്തി' ന്റെ മറ്റൊരു വശം എനിക്ക് മനസ്സിലാക്കാന്‍ അവസരം ഉണ്ടായി. അത്  വേറൊരു   കഥ !!

 

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും