116. സിംഗപൂരിലേക്കു ഒരു ഔദ്യോഗിക യാത്ര

 കോഴിക്കോട് എന്‍.ഐ.ടി.യും ഒരു വിദേശസ്ഥാപനവുമായി ബന്ധപ്പെടാന്‍ ഒരവസരം ഉണ്ടായി. വിദേശം എന്ന് കേട്ടപ്പോള്‍ താല്പര്യമുള്ള ഡയറക്ടര്‍ ഒട്ടും മടിക്കാതെ ആ അവസരം ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ സ്ഥാപനവും സിംഗപൂരിലെ നീയാന്‍ പോളിടെക്നിക്കുമായി (Ngee Ann Polytechnic) ഒരു ധാരണാപത്രം ഒപ്പിടുകയായിരുന്നു യാത്രയുടെ ഉദ്ദേശം. അവിടെ നിന്നു 30 വിദ്യാര്‍ത്ഥികളും രണ്ടദ്ധ്യാപകരും ആറാഴ്ച ഞങ്ങളുടെ കാമ്പസ്സില്‍ താമസിച്ചു ഇന്ത്യയിലെ കലാസാസ്കാരിക വ്യാപാരവ്യവസായ മേഖലകളെപ്പറ്റി പഠിക്കുകയായിരുന്നു ലക്ഷ്യം. പോളിടെക്നിക് രണ്ടാം വര്‍ഷ  വിദ്യാര്‍ത്ഥികള്‍ക്ക്  പഠിക്കേണ്ട ഒരു വിഷയത്തിന്റെ ഭാഗമായിരുന്നു ഇത്. പെട്ടെന്നാണ് യാത്രാ പരിപാടി ഇട്ടതു. സിംഗപൂര്‍ എനിക്ക് പരിചിതമായ സ്ഥലം ആയതു കൊണ്ടു ബോസ്സിന് ഞാന്‍ കൂടെ വേണമെന്നായി. അങ്ങനെ ഡയറക്ട്രര്‍ക്ക് വഴികാട്ടി ആയാണ് പുറപ്പെട്ടത്, സര്‍ക്കാര്‍ ചിലവില്‍ തന്നെ.

 എയറിന്ത്യയുടെ ചെന്നൈ സീംഗപൂര് വിമാനത്തില്‍  നാലു മണിക്കൂറ് പറന്നു രാത്രി 8 മണിക്കു അവിടെ എത്തി. സിംഗപൂരിലെ ചാംഗി വിമാനത്താവളത്തില്‍  ഞങ്ങളെ സ്വീകരിക്കാന് ആ സ്ഥാപനത്തിന്റെ പ്രതിനിധികള് ഉണ്ടായിരുന്നു. താമസസ്ഥലത്തേക്കു പോകുന്ന വഴി തന്നെ വൈകുന്നേരത്തെ ഭക്ഷണം കഴിച്ചതിനു ശേഷം ആകാമെന്നു അവര്‍  പറഞ്ഞതനുസരിച്ചു നമ്മുടെ നാട്ടുകാരുടേതെന്നു പറയാവുന്ന ലിറ്റില്‍  ഇന്ത്യ യിലേക്കു തന്നെ കാറ് പാഞ്ഞു. ആദ്യം തന്നെ ചൈനാക്കാരുടെ ഭക്ഷണം കഴിപ്പിക്കേണ്ട എന്നു കരുതി ആവണം ഞങ്ങളെ വാഴയില റെസ്റ്റോറന്റ് (Banana Leaf Restaurant) എന്ന ഹോട്ടലിലേക്കാണു കൊണ്ടു പോയതു. സ്വീകരിക്കാന് വന്നവരിലൊരാള് ചൈനാക്കാരനും മറ്റെയാള് ഇന്ത്യാക്കാരനുമായൊരുന്നു. അതുകൊണ്ടു ഭൂരിപക്ഷം നമുക്കു തന്നെ. വളരെ വൃത്തിയുള്ള ഹോട്ടല്‍, സ്റ്റീല് പ്ലേറ്റില് വാഴയില വിരിച്ചു അതിലാണു ഭക്ഷണം. യാത്രയില്‍  എന്തൊക്കെയോ ഭക്ഷിച്ചതു കാരണം കാര്യമായ വിശപ്പില്ലാഞ്ഞതു കൊണ്ടു ഞങ്ങള് രണ്ടു പേരും ഒരോ മാങ്ങാ ജ്യൂസിലും ദോശയിലും നിറുത്തി. ആതിഥേയര്‍  ഫ്രൈഡ് റൈസും ചിക്കനും ഭക്ഷിച്ചു. ചെറുപ്പക്കാരായ അവരുടെ ഒപ്പം ഭക്ഷണം കഴിക്കാന്‍  ഞങ്ങള്‍ക്ക്  ഏതായാലും ആവില്ലല്ലോ. ചുറ്റും ഭക്ഷണം കഴിക്കുന്നവരില്‍  നല്ലൊരു ഭാഗം ചൈനീസ് സിംഗപൂര് വാസികളാണ്, ന്യൂ ഡല്‍ഹി  കൊണാട്ട് പ്ലേസിലെ മദ്രാസ് കഫേയില് മസാലദോശ തിന്നുന്നവരില് കൂടുതലും സറ്ദാറ്ജിമാരും മറ്റു ഉത്തരേന്ത്യക്കാരും ആണെന്നുള്ളതു പോലെ.

ഭക്ഷണ ശേഷം താമസസ്ഥലത്തേക്കു തിരിച്ചു. സിംഗപൂരിന്റെ പതിനായിരം വിളക്കുകളുടെ മാസ്മരഭംഗി ആസ്വദിച്ചു കൊണ്ടു ഞങ്ങള്‍  കാറിലിരുന്നു. നീയാന്‍ പോളിയുടെ ഒരു സ്റ്റാഫ് ക്വാറ്ട്ടേര്സിലാണു താമസം. അടുത്തു പണി തീറ്ന്നിട്ടേ ഉള്ളൂ. എതാനും ദിവസങ്ങള്‍ക്ക് മുമ്പു ഉണങ്ങി വരുന്ന പെയിന്റിന്റെ മണം നഷ്ടപ്പെട്ടിരുന്നില്ല. സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു. പിറ്റേ ദിവസത്തെ വിശദമായ പരിപാടി കയ്യില്‍  തന്നു. നേരം വളരെ വൈകിയതു കൊണ്ടു ആതിഥേയരെ യാത്രയാക്കി ഞങ്ങളും വിശ്രമിക്കാന് ശ്രമം തുടങ്ങി.

ഏ.സി. പ്രവത്തിക്കുന്നുണ്ട്. പക്ഷേ മറ്റു ചില പ്രശ്നങ്ങള് ഓരോന്നായി തുടങ്ങുന്നതു. വീട്ടിലേക്കു വിളിച്ചു വിവരം അറിയിക്കാന് ഫോണ് ഇല്ല. നമ്മുടെ നാട്ടില്‍  മൊബൈല്‍  ഫോണിന്റെ ഉപയോഗം കൂടിയിട്ടുണ്ടെങ്കിലും ഇന്നും ലാന്ഡ് ഫോണ് തീര്ത്തും ഒഴിവാക്കപ്പെട്ടിട്ടില്ലല്ലോ. ഇന്ററ്നാഷണല്‍  റോമിങ്ങിനു വേണ്ടി കാലേകൂട്ടി മുങ്കൂട്ടി അപേക്ഷിക്കാത്തതുകൊണ്ടു, കയ്യിലുള്ള മൊബൈല്‍  ഫോണ് വെറും നോക്കു കുത്തി ആയി. ബോസ്സിന്റെ ബ്ലാക് ബെറിയില് ബന്ധം കിട്ടുന്നും ഇല്ല. വാങ്ങിയപ്പോള്‍  ഇന്റെര്ണാഷണല്‍  റോമിങ് ഉണ്ടു എന്നു പറഞ്ഞു വാങ്ങിയതാണത്രേ. പക്ഷേ അതു യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറെങ്കിലും പ്രവറ്ത്തന ക്ഷമം ആക്കണമത്രേ. ഈ വിവരം ഞങ്ങള്‍  തിരിച്ചു വന്നപ്പോളാണ് അറിഞ്ഞത്. നേരത്തെ ആവശ്യപ്പെടാത്തതിന്‍റെ വിഷമം. മറ്റൊന്നു, കുളിമുറിയില്‍ യാതൊരു സാധനവും ഇല്ല. നമ്മളൊക്കെ കുളിമുറിയില്‍  കയറിയാല്‍ ആദ്യം അന്വേഷിക്കുന്ന ബക്കറ്റും മഗ്ഗും ഇല്ല. കുറച്ചു ടിഷ്യൂ പേപ്പറ് മാത്രം ചുരുട്ടി വച്ചിട്ടുണ്ടായിരുന്നു.  വിദേശങ്ങളില്‍  പല പ്രാവശ്യം പോയിട്ടും താമസിച്ചിട്ടും ഉണ്ടെങ്കിലും കടലാസ് ഉപയോഗിച്ചു ശൌചം ചെയ്യുന്ന രീതി പൂറ്ണമായി ശീലം ആയിട്ടും ഇല്ല. സോപ്പിന്റെ ഒരു കഷണം പോലും ഇല്ല. ഭാഗ്യത്തിനു ശ്രീമതി എന്റെ ടോയ്ലെറ്റ് കേസില് വച്ച ഒരു ലക്സ് സോപ്പ് രണ്ടു കഷണമായി ഒരു പ്ലാസ്റ്റിക് ചരടു കൊണ്ടു മുറിച്ചു ഒരു കഷണം ബോസ്സിനും നല്കി. ഒരു ചെറിയ പ്ലാസ്റ്റിക് കപ്പും സംഘടിച്ചു അത്യാവശ്യകാര്യം സാധിക്കാനുള്ള സംവിധാനം ആയി. ചൂടുവെള്ളവും തണുത്ത വെള്ളവും വേണ്ട രീതിയില്‍  കിട്ടുന്ന ഷവറ് ഉള്ളതു കൊണ്ടു കുളിക്കാന്‍  മാത്രം വിഷമമില്ല.  അങ്ങനെ വല്ലഭനു പുല്ലും ആയുധം എന്ന ചൊല്ലു അന്വര്‍ത്ഥമാക്കി കൊണ്ടു ഞങ്ങള്‍  താമസം തുടങ്ങി.

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും