119.അന്തര്‍സമുദ്ര അക്വേറിയവും ഡോള്‍ഫിന്‍ ലഗൂനും

 സിംഗപൂറ് ഷോപ്പിങ് പറുദീസ ആണെങ്കില് സെന്റോസ എന്നത് സഞ്ചാരികള്‍ക്ക്  ശരിക്കും ഒരു മാന്ത്രികദ്വീപു തന്നെ ആണു. കണ്ണിനും കാതിനും കുളുര്‍മ്മ നല്കുന്ന വൈവിധ്യമാര്‍ന്ന  കാഴ്ചകളവിടെ ഒരുക്കിവച്ചിരിക്കുന്നു. കാണികളെ  സ്വാഗതം ചെയ്യുന്നു.

സിംഹപുരത്തിന്റെ ചിഹ്നം ആയ പകുതി സിംഹവും പകുതി മത്സ്യകന്യകയുടെയും രൂപത്തിലുള്ള  മെര്‍ലയണിന്റെ ഭീമാകാരമായ രൂപം. ചെറിയ ചാറ്റല് മഴ ഞങ്ങളുടെ ഉത്സാഹത്തെ തീരെ കെടുത്തിയില്ല. ഉള്ള സമയം കൊണ്ടു ഞങ്ങള്‍ സിംഗപൂര്‍ അക്വേറിയവും ഡോള്‍ഫിന്‍കുളവും കൂടി കാണാന്‍ ശ്രമിച്ചു .

സെന്റോസ ദ്വീപിലെ അപൂര്‍വ  ദൃശ്യങ്ങളില്‍ ഒന്നാണു വെള്ളത്തിനടിയിലെ അക്വേറിയം. കനം കൂടിയ അക്രിലിക് ഗ്ലാസ്സില്‍ ഉണ്ടാക്കിയ ഭിത്തികള്‍ക്ക് മുകളില്‍ വലിയ മത്സ്യങ്ങള്‍ യഥേഷ്ടം വിഹരിക്കുന്നു. കൂറ്റന്‍ സ്രാവുകളും തിരണ്ടിയും മറ്റു വിവിധ മത്സ്യങ്ങളും നമ്മുടെ തലക്കു മുകളില്‍ കൂടി നീങ്ങുന്നു. ഒക്ടൊപസ്സിന്റെ തന്നെ വിവിധ തരം. നമ്മുടെ നാട്ടില്‍ ഓന്തിനും രാഷ്ട്രീയക്കാര്‍ക്കും മാത്രമേ നിറം മാറാന്‍ കഴിയുള്ളൂ എന്നാണല്ലോ നാം ധരിച്ചു വച്ചിരിക്കുന്നതു. എന്നാല്‍ ഇതാ ഒരു ഒക്റ്റോപസ് സൌകര്യം പോലെ നിറം മാറാന്‍ കഴിയുന്നതു. പെന്‍ഗുയിനുകള്‍ക്കു അന്റാര്‍ട്ടിക്കില്‍ മാത്രമേ ജീവിക്കാന്‍ കഴിയൂ എന്നാണല്ലൊ പൊതുവെ ധാരണ. എന്നാല്‍ ഇവിടെ ഭൂമദ്ധ്യരേഖക്കു തൊട്ടടുത്തു പെന്‍ഗുയിനുകള്‍ക്ക് വേണ്ട താമസസൌകര്യം ഒരുക്കിയിരിക്കുന്നു. അവയ്കു ജീവിക്കാനും വളരാനുമുള്ള താപനില നിലനിര്‍ത്തി ഒരു ആവാസ കേന്ദ്രം ഉണ്ടാക്കിയിരിക്കുന്നു. വിവിധ തരത്തിലും വലുപ്പത്തിലും ഉള്ള പെന്‍ഗുയിനുകള്‍. അവയ്കു ഭക്ഷണം കൊടുക്കുന്ന സമയത്തു കാണാന്‍ പ്രത്യേക രസമുണ്ടു. അങ്ങനെ വൈവിധ്യങ്ങളുടെ ഒരു കലവറ തന്നെ ആണു ആ അക്വേറിയം. എല്ലാം കുറിച്ചു വയ്കാന്‍ കഴിയാഞ്ഞതു കൊണ്ടു ഓര്‍മ്മ നില്‍ക്കുന്നില്ല. പിന്നെ കുഞ്ചന്‍ നമ്പ്യാര്‍  സദ്യയുടെ കാര്യം  പറഞ്ഞതു പോലെ വറ്ണിക്കാന്‍ ആയിരം നാവുള്ളൊരനന്തനും സാദ്ധ്യമാണോ?. കണ്ടറിയാനുള്ളതു കണ്ടു തന്നെ അറിയണം. ഒന്നൊന്നര മണിക്കൂറ് അവിടെ ക്കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഒരു അത്ഭുത ദ്വീപില്‍ നിന്നു പുറത്തിറങ്ങിയതു പോലെയാണു തോന്നിയതു. ഇനിയും മണിക്കൂറു കള്‍ അവിടെ കഴിയാന്‍ തോന്നും.

ഡോള്ഫിന് ലഗൂണ്

അടുത്ത് പോയതു ഒരു ഡോള്ഫിന് കുളത്തിലേക്കാണു. സമാന്യം വലിപ്പമുള്ള ഒരു വലിയ കുളം. ഒരു വശത്തു ഒരു സ്റ്റേജും മറ്റേ വശത്തു കാണികള്‍ക്ക് ഇരിക്കാനുള്ള  സൌകര്യവും. പ്രവേശന ഫീസ് കൊടുത്തു അകത്തു കടന്നപ്പോള് പ്രദര്‍ശനം തുടങ്ങാറായി. ചൈനീസ് ഇംഗ്ലീഷില് വിശദീകരണം ഉണ്ടു. ഡോല്ഫിനുകള്‍  മനുഷ്യനു നല്ലവണ്ണം മെരുങ്ങുമെന്നു കേട്ടിട്ടുണ്ടു. എന്നാല്‍  ഇത്രയധികം അനുസരണയോടെ അവ പരിശീലകയുടെ ഓരോ നിര്‍ദ്ദേശവും അനുസരിക്കുന്നു. കുളത്തിന്റെ ഒരറ്റത്തു നിന്നു മറ്റേ അറ്റം വരെ ശരീരത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനു മുകളില്‍  ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ഓട്ടം , മൂന്നു ഡോള്ഫിനുകള് ഒന്നിച്ചു ഒരേ സമയം വളയത്തില് കൂടി ചാടുന്നതു, ഇവ മൂന്നും ഒരേ സമയത്തു വെള്ളത്തില്‍  നിന്നു പുറത്തേക്കു ഉയര്‍ന്നു ചാടുന്നതു എല്ലാം കാണികള്‍ക്ക് ഫോട്ടൊയിലോ വിഡിയോയിലോ പകര്‍ത്താം. കാണികളില് ചിലരെ ക്ഷണിച്ചു ഡോള്ഫിനു ഭക്ഷണം കൊടുക്കാനും അവയെ താലോലിക്കാനും അവസരം കൊടുക്കുന്നു. നല്ല അനുസരണയുള്ള കുട്ടികളെ പ്പോലെ അവ നിന്നു കൊടുക്കുന്നു. അവിടെ നിന്നെടുത്ത ചില ചിത്രങ്ങള്‍  ഇതില്‍  ചേര്ക്കുന്നു. നല്ലൊരനുഭവം തന്നെ. പണ്ടു ഞാനിതു കണ്ടതായി  ഓര്‍മ്മയില്ല, അതുകൊണ്ടു കൂടുതല്‍  ആസ്വാദ്യകരമായി.











 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും